
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ സാധ്യത ശക്തം. ജൂൺ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റെയും സ്വാധീന ഫലമായാണ് കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളത്. ഇത് പ്രകാരം ഇന്ന് 9 ജില്ലയിൽ യെല്ലോ ജാഗ്രതയായിരിക്കും. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായിരിക്കും ഇന്ന് ജാഗ്രത. അതേസമയം മത്സ്യതൊഴിലാളികൾ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ 22 ാം തിയതി വരെ കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ 18-06-2022 മുതൽ 20-06-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18-06-2022 മുതൽ 20-06-2022 വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.





