
കോഴിക്കോട് : നഗരത്തിൽ രാത്രി ഗുണ്ടാ ആക്രമണം. 2 പേർക്കു ഗുരുതര പരുക്ക്. പന്തീരാങ്കാവ് കലയിൽ ഷിബുരാജ് (35), ഒളവണ്ണ പെരവട്ടേരി മാക്കൂട്ടത്തിൽ ഷെറിൻ (30) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിബുരാജിനു മുഖത്തും ഷെറിനു കഴുത്തിലുമാണ് പരുക്ക്. മിഥുനാണ് കുത്തിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കാരപ്പറമ്പ്– കുണ്ടൂപ്പറമ്പ് റോഡിൽ രാത്രി ഒൻപതരയോടെയാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമായി പറയുന്നത്. മൂന്നു പേരും കാറിൽ കാരപ്പറമ്പ്– കുണ്ടൂപ്പറമ്പ് റോഡിലെത്തുകയായിരുന്നു.
ഇതിനിടെ മിഥുൻ കത്തികൊണ്ട് ഷിബുരാജിന്റെ മുഖത്ത് കുത്തി. ഇതു തടയാൻ ശ്രമിച്ച ഷെറിന്റെ കഴുത്തിലും കുത്തി. ഇതിലെ വന്ന മറ്റൊരു വാഹനത്തിലുള്ളയാളാണ് ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. ഉടനെ പൊലീസിൽ അറിയിച്ചു. കൺട്രോൾ റൂം പൊലീസെത്തി ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ, ചേവായൂർ ഇൻസ്പെക്ടർ കെ.കെ.ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.





