
കോഴിക്കോട് : ഫിറ്റ്നസും മറ്റു രേഖകളുമില്ലാതെ നഗരത്തിൽ ടൂറിസ്റ്റ് ബസുകളിൽ വിദ്യാർഥികളെ സ്കൂളിൽ നിന്നു കൊണ്ടുപോയ 2 ബസുകൾ മോട്ടർ വാഹന വകുപ്പ് പിടികൂടി. 2 ബസിന്റെയും ഡ്രൈവർമാരും ആർടിഒ കസ്റ്റഡിയിൽ. ബസിൽ യാത്ര ചെയ്യാനുള്ള സുരക്ഷ ഇല്ലെന്നു വിദ്യാർഥികളെ ബോധ്യപ്പെടുത്തി എംവിഐമാർ കുട്ടികളെ മറ്റു വാഹനത്തിൽ വീടുകളിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് 3.45നാണ് സംഭവം.നടക്കാവ് ഗവ. എച്ച്എസ്എസിലെ യുപി വിഭാഗം കുട്ടികളെ കയറ്റിയ തിരുവനന്തപുരം വള്ളിച്ചാൽ നരുവമൂട് വലഞ്ഞാലി വീട്ടിൽ അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള കെഎൽ16 എഫ് 9736 ടൂറിസ്റ്റ് ബസും എരഞ്ഞിപ്പാലം കീഴാലത്ത് വീട്ടിൽ ഷിജിത് കുമാറിന്റെ ഉടമസ്ഥതയിലുള്ള കെഎൽ9 എസ് 5509 ടൂറിസ്റ്റ് ബസുമാണ് എംവിഐ വി.എസ്.സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
റോഡ് പരിശോധനയ്ക്കിടയിൽ നടക്കാവ് സ്കൂൾ വിട്ട സമയത്ത് കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ ബസിൽ കയറ്റുന്നതു ശ്രദ്ധയിൽപെട്ട എംവിഐ വാഹനം നിർത്തി, ബസ് പരിശോധിക്കുകയായിരുന്നു. തിരുവനന്തപുരം ഉടമയുടെ ബസ് ഡ്രൈവറായ മാളിക്കടവ് സ്വദേശി നടിയാർ പറമ്പത്ത് എ.പി.രഞ്ജിത്തിനെ ചോദ്യം ചെയ്തതിൽ വാഹനത്തിനു ഫിറ്റ്നസ് ഇല്ലെന്നു കണ്ടെത്തി. തുടർ അന്വേഷണത്തിൽ ഇയാൾക്കു ഡ്രൈവിങ് ലൈസൻസില്ലെന്നും ബോധ്യപ്പെട്ടു. കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിടികൂടി. തുടർന്നു ബസ് കസ്റ്റഡിയിലെടുത്തു. ഈ ബസിലെ കുട്ടികളെ എഎംവിഐ പി.റിനുരാജ് അതേ വാഹനത്തിൽ വീടുകളിൽ എത്തിച്ചു.
തുടർന്ന് ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സ്വദേശിയുടെ പേരിലുള്ള മറ്റൊരു ടൂറിസ്റ്റ് ബസ് നടക്കാവിൽ നിന്നും പിടികൂടിയത്. ഡ്രൈവർ പി.അനൂപിനെ ചോദ്യം ചെയ്തതിൽ ഈ ബസിന് ഇൻഷുറൻസ് ഒഴികെ മറ്റു രേഖകളൊന്നുമില്ല. ഡ്രൈവർക്ക് ബസ് ഓടിക്കാനുള്ള ലൈസൻസും ഇല്ല. ഈ ബസും കസ്റ്റഡിയിലെടുത്തു. വിദ്യാർഥികളെ മറ്റു ബസ് എത്തിച്ചു വീടുകളിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നു. സ്കൂൾ തുറക്കുന്നതിനു മുൻപ് കുട്ടികളെ നിയന്ത്രിത സമയത്തു കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അറിയിപ്പുണ്ടായിട്ടും രേഖകളില്ലാതെയാണു രണ്ടു ബസും സർവീസ് നടത്തിയതെന്നു എംവിഐ വി.എസ്.സജിത് പറഞ്ഞു.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സിബി ഡിക്രൂസ്, പി.ഷൈജൻ എന്നിവരും പരിശോധന സംഘത്തിൽ പങ്കെടുത്തു.ഫിറ്റ്നസ്, മറ്റു അനുബന്ധ രേഖകളൊന്നുമില്ലാതെ വിദ്യാർഥികളെ കയറ്റി സർവീസ് നടത്തിയ കെഎൽ 16 എഫ് 9736 ബസിനു 26,000 രൂപ പിഴ ചുമത്തി. ഇതിലെ ഡ്രൈവർക്കു ലൈസൻസില്ലാത്ത സാഹചര്യത്തിൽ 10,000 രൂപ പിഴ ഈടാക്കും. ഗുരുതരമായ രീതിയിൽ കുട്ടികളെ വാഹനത്തിൽ കയറ്റിയതിനു ലൈസൻസ് റദ്ദാക്കും. ഇൻഷുറൻസ് ഒഴികെ ഒരു രേഖയും ഇല്ലാത്ത കെഎൽ 9 എസ് 5509 ബസ് 15,000 രൂപ പിഴയും ലൈസൻസില്ലാത്തതിനു 10,000 രൂപ പിഴയും ഈടാക്കി. രണ്ടു ബസിനും തുടർന്നു സർവീസ് നടത്താനുള്ള അനുമതി റദ്ദാക്കിയതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.





