Kozhikode

കെ.എസ്.ആർ.ടി.സി. ഷോപ്പിങ്‌ കോംപ്ലക്സ് : നാളെ പ്രവർത്തനം തുടങ്ങും

[the_ad_group id="2804"]
[the_ad id="55358"]

കോഴിക്കോട് : മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിലെ ഷോപ്പിങ്‌ കോംപ്ലക്സ് ഓഗസ്റ്റ് 26-ന് ധാരണാപത്രം ഒപ്പുവെച്ച് തുറന്നുപ്രവർത്തനം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി.യുടെ സ്ഥലത്ത് കെ.ടി.ഡി.എഫ്.സി.യാണ് ടെർമിനൽ കോംപ്ലക്സ് നിർമിച്ചത്.

3,70,244 ചതുരശ്ര അടി വിസ്തീർണമുള്ള, 75 കോടി രൂപ ചെലവിലുള്ള ബഹുനിലക്കെട്ടിടത്തിന്റെ നിർമാണം 2009-ൽ ആരംഭിച്ച് 2015-ൽ പൂർത്തിയായിരുന്നു. എന്നാൽ, കരാറടിസ്ഥാനത്തിൽ 30 വർഷത്തേക്ക് വാടകയ്ക്ക് നൽകാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും കെ.എസ്.ആർ.ടി.സി.യും കെ.ടി.ഡി.എഫ്.സി.യും കരാറുകാരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാത്തതു കാരണം കരാർ ഒപ്പുവെച്ച് ടെർമിനൽ പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ സർക്കാർ അധികാരമേറ്റശേഷം നിരന്തരമായ ചർച്ചകളെത്തുടർന്ന് തർക്കങ്ങൾ പരിഹരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2021 ഫെബ്രുവരി 17-ലെ മന്ത്രിസഭായോഗം അംഗീകരിച്ച വ്യവസ്ഥകൾ പ്രകാരം മടക്കിനൽകേണ്ടാത്ത 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും മൂന്നുവർഷം കൂടുമ്പോൾ വാടക ഇനത്തിൽ 10 ശതമാനം വീതം വർധനയും എന്ന ഉയർന്നനിരക്കിൽ ആലിഫ് ബിൽഡേഴ്സ് ആണ് 30 വർഷത്തേക്ക് കരാർ എടുത്തിരിക്കുന്നത്. 30 വർഷംകൊണ്ട് 250 കോടിയിൽപ്പരം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനസർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്ന ബസ് ടെർമിനൽ കോഴിക്കോട് നഗരത്തിന്റെ വ്യാപാരവാണിജ്യമേഖലയുടെ വികസനത്തിന് കുതിപ്പേകും.

ടിക്കറ്റിതര വരുമാനത്തിലൂടെ കെ.എസ്.ആർ.ടി.സി.യുടെ നഷ്ടം കുറയ്ക്കുകയും ബസ് ടെർമിനലുകൾ ആധുനിക സംവിധാനത്തോടെ പരിഷ്‌കരിച്ച് യാത്രക്കാർക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപംനൽകിയിട്ടുള്ളത്.

26-ന് വൈകുന്നേരം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി ആൻറണി രാജു താക്കോൽ കൈമാറി കെട്ടിടം തുറന്നുകൊടുക്കും.

കെ.എസ്.ആർ.ടി.സി.ക്കുവേണ്ടി എം.ഡി. ബിജു പ്രഭാകറും കെ.ടി.ഡി.എഫ്.സി.ക്കുവേണ്ടി ഡോ. ബി. അശോകും ആലിഫ് ബിൽഡേഴ്സും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ച് കൈമാറും.

മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ പ്രത്യേക സന്ദേശം നൽകുന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., എം.കെ. രാഘവൻ എം.പി., മേയർ ഡോ. ബീനാ ഫിലിപ്പ്, ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി റ്റി.എൽ. റെഡ്ഡി തുടങ്ങിയവർ സംബന്ധിക്കും.

Related Articles

Leave a Reply

Back to top button