Kozhikode

രണ്ട് മാസം നീണ്ട ആസൂത്രണം; നട്ടുച്ചയ്ക്ക് വെളുത്ത വസ്ത്രം ധരിച്ചെത്തി സ്വർണക്കടയിൽ മോഷണം; അറസ്റ്റ്

Please complete the required fields.




കോഴിക്കോട്: മിഠായിത്തെരുവിനു സമീപം മേലേപാളയം കമ്മത്തിലെയ്നിലെ സ്വർണക്കടയിൽ കഴിഞ്ഞ വെള്ളിയാഴ്ച പകൽ പന്ത്രണ്ടരയ്ക്കു കവർച്ച നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി; പുറത്തുവന്നത് മോഷണത്തിനായി 2 മാസം നീണ്ട ആസൂത്രണത്തിന്റെ വിവരങ്ങൾ. മണക്കടവ് സ്വദേശിയായ പി.പ്രണവ് (29), ചക്കുംകടവ് സ്വദേശിയായ കെ.പി.സർഫാസ് അലി (22), കിഴക്കുംമുറി സ്വദേശി എം.എം. സുബീഷ് (29), പടിഞ്ഞാറ്റുംമുറി സ്വദേശി പി.വി.അഖിൽ (28) എന്നിവരെയാണ് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.

ടൗൺ എസ്ഐ ജയശ്രീ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രണവും സുബീഷും തപാൽ വകുപ്പിൽ താൽക്കാലിക ജോലിക്കാരാണ്. സ്വർണക്കടയിലെ ജീവനക്കാർ വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പോകുന്നതിനായി കട അടച്ചിട്ട സമയത്താണ് ഷട്ടർ തുറന്ന് കയറി സ്വർണാഭരണങ്ങളും പണവും കവർന്നത്. ഇതിനായുള്ള ആസൂത്രണം തുടങ്ങിയത് 2 മാസം മുൻപാണ്. കടയിലെ ജീവനക്കാരനായിരുന്ന സർഫാസ് 2 മാസം മുൻപ് കടയുടെ താക്കോൽ നഷ്ടപ്പെട്ടെന്ന് കടയുടമയെ വിശ്വസിപ്പിച്ചതാണ് കവർച്ചയുടെ ആദ്യഘട്ടം. കടയുടമയുടെ വിശ്വസ്തനായി നടിച്ച് സർഫാസ് കടയുടമ സ്വർണം വയ്ക്കുന്ന സ്ഥലവും പണം വയ്ക്കുന്ന സ്ഥലവും ക്യാമറയുടെ ഡിവിആറിന്റെ സ്ഥാനവും കൃത്യമായി മനസ്സിലാക്കി. 

വെള്ളിയാഴ്ച ദിവസം കമ്മത്തിലെയ്നിൽ ധാരാളം പേർ വെളുത്ത വസ്ത്രം ധരിക്കുമെന്നും അങ്ങനെ വന്നാൽ ക്യാമറ ദൃശ്യത്തിൽ ആളെ തിരിച്ചറിയാൻ പ്രയാസമായിരിക്കുമെന്നും മനസ്സിലാക്കി. മോഷണത്തിനുള്ള പദ്ധതി തയാറാക്കി സുഹൃത്തുക്കളെ അറിയിച്ചു. തുടർന്ന് കൂടുതൽ പണവും സ്വർണവും എത്തുന്നതുവരെ കാത്തിരുന്നു.  പൊലീസ് കടയിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായൊന്നും ലഭിച്ചില്ല. എന്നാൽ, വഴിയിലെ വളവിനു സമീപം വച്ച കണ്ണാടിയിലേക്കാണ് തൊട്ടടുത്ത സ്വർണക്കടയിലെ സിസിടിവി ക്യാമറ ഉണ്ടായിരുന്നത്. 

ഈ കണ്ണാടിയിലെ പ്രതിബിംബം തൊട്ടടുത്ത കടയിലെ സിസിടിവിയിൽ കണ്ടെത്തിയതാണ് വഴിത്തിരിവായത്.  ഈ കടയിൽ വന്ന് ഗ്യാരണ്ടി ആഭരണങ്ങൾ വിൽക്കാനുണ്ടെന്ന് പറഞ്ഞ് കടക്കാരുടെ ശ്രദ്ധതിരിച്ച യുവാവിന്റെ ദൃശ്യങ്ങൾ സിറ്റി ക്രൈം സ്ക്വാഡ് വിശദമായി പരിശോധിച്ചു.  ഇത് സുബീഷ് ആണെന്ന് തിരിച്ചറിഞ്ഞു. മോഷണം നടന്ന ദിവസം രാവിലെ മുതൽ പ്രണവിന്റെ കാർ കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്നു. ഇതുമൂലം കടയുടെ എതിർവശത്തെ സ്വർണക്കടയിലെ ക്യാമറകളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ നേരിട്ട് പതിഞ്ഞിരുന്നില്ല.

ഡിസിപി ആമോസ് മാമന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ കണ്ടെത്തിയത്.  കമ്മത്തിലെയ്നിൽ അധികമാരും പരിചയമില്ലാത്ത അഖിലാണ് കടയിൽ കയറി മുൻകൂട്ടി തീരുമാനിച്ചതു പ്രകാരമുള്ള സ്ഥലത്തെ സാധനങ്ങൾ മാത്രം മോഷ്ടിച്ച് വന്നവഴിയെ കടന്നത്.  ടൗൺ എസ്ഐമാരായ വി.അബ്ദുൽ സലാം, മുഹമ്മദ് സിയാദ്, എഎസ്ഐ മുഹമ്മദ് ഷബീർ, സീനിയർ സിപിഒമാരായ ഉദയകുമാർ, ബിനിൽ കുമാർ, സജേഷ് കുമാർ, ജിതേന്ദ്രൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, ഇ. മനോജ്, എ. പ്രശാന്ത് കുമാർ, സി.കെ സുജിത്ത്, ഷാഫി പറമ്പത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Back to top button