Kozhikode

ഭിന്നശേഷിക്കാർക്ക് ട്രെയിനിൽ കയറാൻ പ്രത്യേക റാംപ്

Please complete the required fields.




കോഴിക്കോട് : ഭിന്നശേഷിക്കാർക്കു ചക്രക്കസേരയിൽനിന്ന് ഇറങ്ങാതെ ട്രെയിനിൽ കയറാൻ പ്രത്യേക റാംപ് സംവിധാനം. റെയിൽവേ സീനിയർ ഡിവിഷനൽ മെക്കാനിക്കൽ എൻജിനീയർ ജിതിൻ നെൽസന്റെ നേതൃത്വത്തിലുള്ള ഇന്നവേഷൻസ് അച്ചീവ്മെന്റ് ടീം ആണു ഭിന്നശേഷിക്കാർക്ക് ഏറെ ഉപകാരപ്രദമായ റാംപ് സംവിധാനം രൂപകൽപന ചെയ്തത്. 

മൂന്ന് ലോഹ പ്ലേറ്റുകൾ പ്രത്യേക രീതിയിൽ ഘടിപ്പിച്ചാണ് റാംപ് നിർമിച്ചിരിക്കുന്നത്. ട്രെയിനിന്റെ കോച്ച് പ്ലാറ്റ്ഫോമിൽ നിന്ന് ഏറെ ഉയരത്തിലായതിനാൽ ചക്രക്കസേരയിൽ എത്തുന്നവർക്കു ട്രെയിനിൽ കയറുക വലിയ ബുദ്ധിമുട്ടായിരുന്നു. നാലു പേർ ചേർന്നു ചക്രക്കസേര ഉൾപ്പെടെ യാത്രക്കാരനെ പൊക്കി ട്രെയിനിൽ കയറ്റുക, ഭിന്നശേഷിക്കാരനായ യാത്രക്കാരനെ ചക്രക്കസേരയിൽ നിന്ന് ഇറക്കി ട്രെയിനിൽ കയറ്റുക തുടങ്ങിയ രീതികളാണ് അവലംബിക്കുന്നത്. 

പുതിയ റാംപ് സംവിധാനത്തിൽ ഭിന്നശേഷിക്കാരനെ ചക്രക്കസേര സഹിതം തള്ളി കയറ്റാൻ പറ്റും. ആവശ്യം കഴിഞ്ഞാൽ റാംപ് എടുത്തു മാറ്റുകയും ചെയ്യാം.മംഗളൂരു, കോഴിക്കോട്, ഷൊർണൂർ സ്റ്റേഷനുകളിൽ ഇപ്പോൾ റാംപ് സേവനം ലഭ്യമാണ്. പാലക്കാട്, കണ്ണൂർ സ്റ്റേഷനുകളിൽ ഉടൻ റാംപ് എത്തും.കോഴിക്കോട് സ്റ്റേഷനിൽ 24 മണിക്കൂറും റാംപ് സേവനം ലഭ്യമാണെന്നു മെക്കാനിക്കൽ വിഭാഗം സീനിയർ സെക്‌ഷൻ എൻജിനീയർ കെ.ഹാരിസ് പറഞ്ഞു. ആവശ്യമുള്ളവർ കൗണ്ടറിൽ വിവരം പറഞ്ഞാൽ ഉടൻ ജീവനക്കാർ റാംപ് എത്തിച്ചു ഭിന്നശേഷിക്കാരെ ചക്രക്കസേര അടക്കം ട്രെയിനിൽ കയറാൻ സഹായിക്കും. ട്രെയിനിൽ നിന്ന് ഇറങ്ങാനുള്ളവരുടെ വിവരം ഗാർഡ് നേരത്തെ സ്റ്റേഷനിൽ അറിയിക്കും. അതനുസരിച്ചു റാംപ് സംവിധാനം ഒരുക്കും.

Related Articles

Leave a Reply

Back to top button