Kozhikode

കോവിഡ് രോഗികൾ കൂടുന്നു; വെന്റിലേറ്റർ, ഐസിയു, ഓക്സിജൻ ബെഡ് ഒഴിവില്ലാതെ ആശുപത്രികൾ

Please complete the required fields.




കോഴിക്കോട് :കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ ജില്ലയിലെ ആശുപത്രിയിലെ കിടക്കകൾ നിറയുന്നു. അടിയന്തര ഘട്ടത്തിൽ പോലും ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നതിനു പ്രയാസമുണ്ട്. ചില ആശുപത്രികളിൽ റഫറൽ ലെറ്ററുള്ളവരെ മാത്രം പ്രവേശിപ്പിക്കുമ്പോൾ മറ്റ് ആശുപത്രികളിൽ അതു പോലും ലഭിക്കുന്നില്ല. അടുത്ത രോഗി ഡിസ്ചാർജ് ആകുന്നതു വരെ കാത്തിരിക്കാനാണ് നിർദേശം. വെന്റിലേറ്റർ, ഐസിയു, ഓക്സിജൻ ബെഡ് എന്നിവയിലെല്ലാം രോഗികൾ നിറഞ്ഞു കഴിഞ്ഞു.

പല ആശുപത്രികളിലും സാധാരണ വാർഡ് പോലും ലഭ്യമല്ല. ചിലയിടങ്ങളിൽ താൽക്കാലിക സൗകര്യങ്ങൾ ഉണ്ടാക്കിയാണു രോഗികളെ പ്രവേശിപ്പിക്കുന്നത്. ലിഫ്റ്റ് സൗകര്യം പോലും ഇല്ലാത്തതിനാൽ കോവിഡ് രോഗികൾ നടന്നു കയറേണ്ട അവസ്ഥയാണ്. കോവി‍ഡ് ജാഗ്രത പോർട്ടലിലെ കണക്കുകളിൽ ആശുപത്രികളിൽ ഇപ്പോഴും ബെഡുകൾ ഒഴിവു കാണിക്കുന്നുണ്ട്. എന്നാൽ ഇതേ ആശുപത്രികളിൽ വിളിച്ചു ചോദിച്ചാൽ ബെഡ് ഒഴിവില്ലെന്നാണു രോഗികൾക്കും ബന്ധുക്കൾക്കും മറുപടി ലഭിക്കുന്നത്.

ചില ആശുപത്രികളിൽ രോഗിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു ഡോക്ടർമാർ വിലയിരുത്തിയ ശേഷം മാത്രമാണു പ്രവേശനം. കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നു തുടങ്ങിയത്. പ്രമുഖ ആശുപത്രികളിൽ ദിവസവും നൂറു കണക്കിനു പേർ ചികിത്സയ്ക്കായി ബെഡിനു വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്.കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും മരണങ്ങൾ കാര്യമായി ഇല്ലാത്തതും രോഗമുക്തി കൂടുന്നതും ആശ്വാസകരമാണെന്ന് ഡോക്ടർമാർ പറയുന്നു. ഒരു ശതമാനത്തിൽ താഴെയാണ് മരണ നിരക്ക് ഇപ്പോഴുള്ളത്. 

ഒരു ലക്ഷം രോഗികൾക്ക് സൗകര്യം 

നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ ജില്ലയിൽ ഒരു ലക്ഷം വരെ രോഗികളുണ്ടായേക്കാമെന്നു ആരോഗ്യവകുപ്പ് കലക്ടർക്കു റിപ്പോർട്ട് നൽകി. ഇതനുസരിച്ചു ജില്ലയിലെ ആശുപത്രികളിൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം.ജില്ലയുടെ വിവിധ മേഖലകളിൽ കൂടുതൽ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ചുള്ള പഠനങ്ങളും ഉടൻ ആരംഭിക്കും. 

ഏതാനും ആശുപത്രികളിൽ നേരിട്ടു വിളിച്ചപ്പോൾ ലഭിച്ച മറുപടി ഇങ്ങനെ:

∙ ആളുകൾ ബെഡ് അന്വേഷിച്ചു വിളിക്കുന്നുണ്ട്. പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്.
∙ കോവിഡ് രോഗികളെ ഇപ്പോൾ എടുക്കുന്നില്ല.
∙ റഫറൽ ലെറ്റർ ഉണ്ടെങ്കിൽ മാത്രമേ അഡ്മിറ്റ് ചെയ്യാൻ സാധിക്കൂ. ഐസിയു ഒരു ബെഡ് എപ്പോഴും വാർഡിലെ രോഗികൾക്കായി മാറ്റി വയ്ക്കും
∙ കിടക്കകൾ ഒഴിവില്ല. റഫറൽ ലെറ്റർ കൊണ്ടു വന്നാൽ ശ്രമിക്കാം.
∙ വാർഡ്, ഐസിയു, വെന്റിലേറ്റർ ഒഴിവ് ഇല്ല.
∙ ഓക്സിജൻ കോൺസൺട്രേറ്റർ മാത്രമാണുള്ളത്. ലിഫ്റ്റ് സൗകര്യം ഇല്ല. നടന്നു കയറാൻ പറ്റുമോ എന്നായിരുന്നു ചോദ്യം.

Related Articles

Leave a Reply

Back to top button