കാബൂൾ ദൗത്യം, മലയാളികളുടെ മോചനം; വിദേശകാര്യമന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിയുടെ നന്ദി
തിരുവനന്തപുരം: കാബൂളിൽ കുടുങ്ങിപ്പോയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവർത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം, കാബൂളിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നവരെ എത്തിക്കാൻ ഊർജിതമായ നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അഞ്ഞൂറിലേറെ ആളുകൾ ഇനിയും കാബൂളിൽ ഉണ്ടെന്ന് കരുതുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സുരക്ഷ പ്രശ്നം ഉണ്ട്. ഐ എസിൽ ചേർന്ന മലയാളികളെ താലിബാൻ മോചിപ്പിച്ചതിനെ കുറിച്ച് വിവരം ഇല്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കൊച്ചിയിൽ പറഞ്ഞു.