
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ. തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകർ മുംബൈയിൽ പോയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിയെ അറിയിച്ചു. മുംബൈ എയർ പോർട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്. ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്. ഇതെല്ലാം തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്സാപ്പ് ചാറ്റുകൾ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കോടതിയിൽ പറഞ്ഞു.
സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലന്ന് കഴിഞ്ഞ ദിവസം കോടതി ചൂണ്ടി കാണിച്ചിരുന്നു. സാക്ഷികളെ എട്ടാം പ്രതിയായ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്ത് തെളിവുണ്ടെന്ന് ചോദിച്ച കോടതി പുകമറ സൃഷ്ടിച്ച് കോടതിയുടെ കണ്ണുകെട്ടാൻ ശ്രമിക്കരുതെന്നും പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ വാദങ്ങൾ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വ൦ പ്രോസിക്യൂഷനുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് തെളിയിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കണമെന്നു൦ കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.





