Thiruvananthapuram

ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കേരളത്തില്‍ ഇന്നും തീവ്ര മഴ മുന്നറിയിപ്പ്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിനും കേരളത്തിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരളം മുതൽ വിദർഭ വരെ നിലനില്‍ക്കുന്ന ന്യുനമർദ്ദ പാത്തിയും ശക്തമായ പടിഞ്ഞാറൻ കാറ്റും മഴയുടെ ശക്തി കൂട്ടും.അടുത്ത രണ്ട് ദിവസം കൂടി വ്യാപക മഴ കിട്ടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കേരളത്തിലേക്ക് നീങ്ങുന്ന കാലവര്‍ഷം മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ ദ്വീപ് സമൂഹങ്ങളിലേക്ക് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും എത്തിച്ചേരും. മെയ് 27-ഓടെ കാലവര്‍ഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മെയ് 26-ഓടെ കാലവര്‍ഷം എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്. 

Related Articles

Leave a Reply

Back to top button