
കോഴിക്കോട്∙ കോവിഡ് വ്യാപനത്തിനിടയിൽ പ്ലസ് വൺ ഗ്രേസ് മാർക്കിനു വേണ്ടി വിദ്യാർഥികൾക്കായി നടത്തിയ നീന്തൽ പരീക്ഷ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ശരിക്കും ‘പരീക്ഷണമായി’. നീന്തൽ സർട്ടിഫിക്കറ്റ് നേടാനായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഈസ്റ്റ് നടക്കാവിലെ നീന്തൽക്കുളത്തിലെത്തിയതു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളുമാണ്. വൈകിട്ട് പൊലീസെത്തിയാണു തിരക്ക് നിയന്ത്രിച്ചത്. ഒരേ നീന്തൽകുളത്തിൽ ഇത്രയധികം കുട്ടികൾ നീന്തുന്നത് കോവിഡ് വ്യാപനത്തിനു കാരണമാകുമെന്ന് നേരത്തേ തന്നെ ആശങ്ക ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ തൽക്കാലം നീന്തൽപരീക്ഷ നിർത്തിവയ്ക്കുകയാണെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ പറഞ്ഞു.നീന്തലറിയാവുന്നവർക്കു പ്ലസ് വൺ പ്രവേശനത്തിനു ഗ്രേസ് മാർക്ക് ലഭിക്കും. മുൻവർഷങ്ങളിൽ തദ്ദേശസ്ഥാപനങ്ങളിൽ നിന്നാണ് ഈ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്.എന്നാൽ, നീന്തലറിയാത്തവർക്കും തദ്ദേശസ്ഥാപനങ്ങളിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിക്കുന്നുവെന്ന പരാതി വന്നതോടെയാണ് ഇക്കൊല്ലം മുതൽ ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന നീന്തൽ പരിശീലനം ജയിക്കുന്നവർക്കു മാത്രം സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്നു പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്.X
ഇതനുസരിച്ച് 16 മുതലാണ് ജില്ലയിൽ നീന്തൽപരീക്ഷ ആരംഭിച്ചത്. ഈസ്റ്റ് നടക്കാവിലെ സ്പോർട്സ് കൗൺസിൽ നീന്തൽകുളത്തിലാണ് വിദ്യാർഥികൾ പരീക്ഷയ്ക്കായി എത്തേണ്ടത്. 25 രൂപയാണ് ഫീസായി ഈടാക്കുന്നത്. 25 മീറ്റർ നീന്തിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകൂ. ആദ്യ 2 ദിവസങ്ങളിൽ 300ൽ താഴെ വിദ്യാർഥികൾ മാത്രമെത്തിയപ്പോൾ ഇന്നലെ 800 വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ് എത്തിയത്.തിരക്ക് വർധിച്ചതോടെ ഉച്ചയ്ക്കു നീന്തൽ നിർത്തിവച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും തിരക്കിനു വലിയ കുറവുണ്ടായില്ല. താമരശ്ശേരി ഉൾപ്പെടെ ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾ വൈകിട്ട് 6.30 വരെ സർട്ടിഫിക്കറ്റിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
നീന്തൽ സർട്ടിഫിക്കറ്റ് പഞ്ചായത്തുകൾ നൽകണം
പ്ലസ് വൺ പ്രവേശനത്തിനു ബോണസ് മാർക്ക് ലഭിക്കുന്നതിനുള്ള നീന്തൽ സർട്ടിഫിക്കറ്റിനു വേണ്ടി കൊണ്ടുവന്ന പുതിയ പരിഷ്കാരം വിദ്യാർഥികളോടുള്ള ദ്രോഹമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരക്കണക്കിനു വിദ്യാർഥികൾ മാനാഞ്ചിറ ഓഫിസിൽ എത്തുന്നത് അപ്രായോഗികമാണ്. പഞ്ചായത്ത് തലങ്ങളിൽ പരിശോധന നടത്തി നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്ന പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ ആവശ്യപ്പെട്ടു.
നീന്തൽ കേന്ദ്രങ്ങൾ വർധിപ്പിക്കണം
കോവിഡ് കാലത്ത് ഒരുമിച്ചു നീന്താൻ പോകുന്നത് രോഗവ്യാപനം ഉണ്ടാക്കുമെന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാൻ നീന്തൽ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന് കോൺഗ്രസ് കായിക വിഭാഗമായ കെപിസിസി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾതലത്തിൽ നേരത്തേ തന്നെ നീന്തൽ സംഘടിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴുള്ള പ്രതിസന്ധി ഒഴിവാക്കാനാകുമായിരുന്നുവെന്നും ജില്ലാ പ്രസിഡന്റ് റിയാസ് അടിവാരം പറഞ്ഞു.
സർക്കാർ ഉത്തരവനുസരിച്ചാണ് സ്പോർട്സ് കൗൺസിൽ നീന്തൽപരീക്ഷ നടത്തുന്നത്. ചിട്ടയോടെ നടന്ന പരീക്ഷയിൽ ഇന്നലെ ഉച്ചയോടെയാണ് വലിയ തിരക്കുണ്ടായത്. വിദ്യാഭ്യാസ വകുപ്പ് പറയുന്നതനുസരിച്ച് തുടർനടപടികളെടുക്കും.
ഒ.രാജഗോപാൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്





