
കോഴിക്കോട്:വലിയങ്ങാടിയിൽ പലചരക്ക് കടയിലും ഉള്ളി വ്യാപാരസ്ഥാപനത്തിലും ഉൾപ്പെടെ രണ്ടുകടകളിൽ മോഷണം. ബഷീർ ട്രേഡേഴ്‌സ്, പള്ളിപ്പുറം ബ്രദേഴ്‌സ് എന്നിവിടങ്ങളിലാണ് കവർച്ച. ഒന്നാമത്തെ കടയിൽനിന്ന് 25,000 രൂപ നഷ്ടപ്പെട്ടു. രണ്ടാമത്തെ കടയിലുണ്ടായിരുന്ന സി.സി.ടി.വി.യുടെ മോണിറ്ററിന് തീയിട്ടു. റെക്കോഡിങ്ങിനുള്ള ഡി.വി.ആർ. കവർന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ടൗൺ പോലീസ് കേസെടുത്തു. എസ്.ഐ. പി. രാജേഷ്, വിരലടയാള വിദഗ്ധൻ പി. ശ്രീരാജ് എന്നിവർ തെളിവെടുപ്പ് നടത്തി.
ബാഗ് മോഷ്ടാവ് പിടിയിൽ
കോഴിക്കോട്: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ഉറങ്ങുകയായിരുന്ന പാലക്കാട് സ്വദേശിയുെട ബാഗും പേഴ്സും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കല്ലുത്താൻകടവ് സ്വദേശി ശ്രീധരനെ (49) യാണ് നടക്കാവ് പോലീസ് പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് ഇയാൾ പണമടങ്ങിയ ബാഗ് മോഷ്ടിച്ചത്. സംഭവത്തിനുശേഷം സ്ഥലത്തെത്തിയ നടക്കാവ് പോലീസിന്‍റെ ഇടപെടലിലാണ് പ്രതിയെ പെട്ടെന്ന് പിടികൂടാനായത്. സമീപത്തെ സി.സി.ടി.വിയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. എസ്.ഐ. കെ.പി. ഗണേഷ്, പോലീസുകാരായ ശ്രീകാന്ത്, ഹനീഫ, ബഷീർ എന്നിവരാണ് പാളയത്തുവെച്ച് ശ്രീധരനെ കണ്ടെത്തി ചോദ്യംചെയ്തത്. ഇയാളിൽനിന്ന് ബാഗടക്കം കണ്ടെത്തി.





