Kozhikode

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റും ബ്ലഡ് ബാങ്കും യാഥാർഥ്യമാക്കുമെന്ന്-എം.കെ. മുനീർ

Please complete the required fields.




താമരശ്ശേരി : താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റും ബ്ലഡ് ബാങ്കും യാഥാർഥ്യമാക്കുമെന്ന് എം.കെ. മുനീർ എം.എൽ.എ. ദേശീയപാത 766-ൽ മണ്ണിൽക്കടവ് മുതൽ അടിവാരംവരെയുള്ള നവീകരണത്തിൽ വീഴ്ചവരുത്തിയ കരാറുകാരായ നാഥ് കൺസ്ട്രക്‌ഷൻസിനെ മാറ്റിനിർത്തുന്നതിനുൾപ്പെടെയുള്ള നടപടി തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. താമരശ്ശേരി പി.ഡബ്ല്യു.ഡി. റെസ്റ്റ്ഹൗസിൽ ചേർന്ന കൊടുവള്ളി നിയോജകമണ്ഡലംതല പ്രവൃത്തി അവലോകനയോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യം നിലനിൽക്കെ, മലയോരമേഖലയിലെ മെച്ചപ്പെട്ട ട്രോമാകെയർ സെന്ററായി ഉയർത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതെന്ന് എം.എൽ.എ. അറിയിച്ചു. ആധുനിക ഓക്സിജൻ പ്ലാന്റ് സംവിധാനമൊരുക്കുന്നതിന് എം.എൽ.എ. ഫണ്ടിൽനിന്ന് തുക വകയിരുത്തും. ബ്ലഡ് ബാങ്കിനായി ദേശീയ ആരോഗ്യദൗത്യം മുഖേന 35 ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. സർക്കാർതലത്തിൽ ബന്ധപ്പെട്ട് ബ്ലഡ് ബാങ്ക് പൂർണതോതിൽ യാഥാർഥ്യമാക്കും.

നിലവിലെ കെട്ടിടസമുച്ചയത്തിന് പിറകിലെ മാതൃക പൊളിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ബ്ലോക്ക് ഒരുക്കും. പുതിയ ബ്ലോക്കുകളും ഹെഡ്ക്വാർട്ടേഴ്‌സ് പദവിയും യാഥാർഥ്യമാവുന്നതോടെ ജീവനക്കാരുടെ തസ്തികകളിലും വർധനയുണ്ടാവും. വട്ടക്കുണ്ടിൽ പുതിയ പാലത്തിന്റെ മാതൃക തയ്യാറായിക്കഴിഞ്ഞാൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി നിർമാണ നടപടികൾ വേഗത്തിലാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

മലപുറം-തലയാട് റോഡ്, കരുവൻപൊയിൽ-ആലിൻതറ റോഡ്, കൊടുവള്ളി ടൗൺ സൗന്ദര്യവത്കരണം തുടങ്ങിയ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പടനിലം പാലത്തിന്റെ സ്ഥലമേറ്റെടുപ്പിനുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. വെള്ളച്ചാൽ തെക്കേതൊടുക പാലത്തിന് ഭരണാനുമതി ലഭ്യമായതായും സാങ്കേതികാനുമതിക്കുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.

യോഗത്തിൽ കൊടുവള്ളി എൽ.എ.സി. നോഡൽ ഓഫിസർ ബെന്നി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ മിഥുൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഷിനി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button