Kozhikode

താമരശ്ശേരി ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു

Please complete the required fields.




താമരശ്ശേരി: ദേശീയ പാതയിലെ കുഴികളും മുക്കം ഭാഗത്തേക്കുള്ള റോഡ് ചുങ്കത്ത് അടച്ചതുമാണ് രൂക്ഷമായ ഗതാഗതക്കുരുക്കിനുള്ള കാരണം. ടൗണില്‍ ദേശീയ പാതാ നവീകരണ പ്രവൃത്തി പാതി വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ യാത്രക്കാരും വ്യാപാരികളും പ്രയാസപ്പെടുകയാണ്. കിലോമീറ്ററുകളാണ് വാഹനങ്ങളുടെ നിര. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെന്നാണ് വാഹനങ്ങളുടെ ആധിക്യം വ്യക്തമാക്കുന്നത്.

സംസ്ഥാന പാതയില്‍ കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ചുങ്കം ഭാഗത്ത് റോഡ് അടച്ചതാണ് കുരുക്ക് വര്‍ധിക്കാന്‍ കാരണം. മുക്കം ഭാഗത്ത് നിന്നുള്ള ടിപ്പറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പുതിയ ബസ്റ്റാന്റ് വഴിയാണ് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ദേശീയ പാതയില്‍ വലിയ കുഴി രൂപപ്പെട്ടതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്. ഇതിനാല്‍ തന്നെ ബസ്റ്റാന്റ് റോഡിലും വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെടുന്നത്.

ശനിയാഴ്ച രാവിലെ മുതല്‍ കുടുക്കുലുമ്മാരം റോഡില്‍ ഏറെ ദൂരത്തില്‍ വാഹനങ്ങള്‍ നിരന്നു. ഇതിനിടെ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു. ഇതോടെ അല്‍പ്പ സമയം ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. താമരശ്ശേരി റസ്റ്റ് ഹൗസിനും ബസ് ബേക്കും മുന്നിലായി കള്‍വര്‍ട്ട് നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ വേഗത കുറച്ച് മാത്രമേ മുന്നോട്ടു പോവൂ. ഇവിടെ ഓവു പാലത്തിന്റെ പ്രവൃത്തി മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായെങ്കിലും ഇരു ഭാഗത്തും ടാറിംഗ് നടത്താത്തതാണ് ഗാതഗതത്തിന് തടസ്സമാവുന്നത്.

ചുങ്കം ജംഗ്ഷനിലും കിലോമീറ്ററുകളോളം ദൂരത്തിലാണ് വാഹനങ്ങള്‍ നിരന്നത്. അവധി ആഘോഷത്തിന്റെ ഭാഗമായി വന്‍ തോതില്‍ വാഹനങ്ങള്‍ റോഡിലിറങ്ങുന്നതിനാല്‍ രാവിലെ മുതല്‍ രാത്രി വൈകും വരെ ഗതാഗതക്കുരുക്ക് തുടരുകയാണ്. ട്രാഫിക് ഡ്യൂട്ടിലിലുള്ള പോലീസുകാരും ഹോം ഗാര്‍ഡുകളും ഓടി നടന്ന് തളരുന്നതല്ലാതെ കുരുക്കഴിക്കാന്‍ കഴിയുന്നില്ല.

Related Articles

Leave a Reply

Back to top button