കോഴിക്കോട്: കേരളത്തിൽ ഹയര്‍സെക്കന്‍ററി പ്രവേശനത്തിന് എസ് എസ് എൽ സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തൽ അറിയാമെന്നുളള സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ബോണസ് മാര്‍ക്കായി 2 പോയന്‍റ് ലഭിച്ചിരുന്നു. കഴിഞ്ഞ 8 വര്‍ഷമായി ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇത് നൽകിയിരുന്നത്. ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍ അഡ്മിഷന് നീന്തൽ സര്‍ട്ടിഫിക്കറ്റ് ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലിൽ നിന്നും വാങ്ങണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയും കോവിഡ് വ്യാപനം മൂലം പലർക്കും ഇത് നേടാൻ കഴിയാത്ത അവസ്‌ഥയുമാണിപ്പോൾ നിലവിലുള്ളത്.
കോവിഡ് പ്രോട്ടോകോളിന്‍റെ ഭാഗമായി ഉപകരണത്തിൽ സ്പര്‍ശിക്കുന്നതിന്‍റെ കാരണം ചൂണ്ടിക്കാട്ടി ലാബ് പരീക്ഷകൾ വരെ മാറ്റി വച്ച സാഹചര്യത്തിൽ ഇത്തരത്തിൽ ഉത്തരവിറക്കിയത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റ് ജില്ലകളിൽ പഞ്ചായത്ത് നൽകുന്ന സര്‍ട്ടിഫിക്കറ്റിൽ ജില്ലാ സ്പോര്‍ട്സ് കൌണ്‍സിൽ കൌണ്ടര്‍ സൈന്‍ ചെയ്ത് കൊടുക്കുകയും ചെയ്തുവരുന്നു. എന്നാൽ കോഴിക്കോട് ജില്ലയിൽ ജില്ലാ സ്പോട്സ് കൌണ്‍സിൽ ജില്ലയിലുളള മുഴുവന്‍ വിദ്യാര്‍ത്ഥികളും ഈസ്റ്റ് നടക്കാവിലെത്തി സ്വിമ്മിംഗ് പൂളിൽ നീന്തണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ഒരു ഉത്തരവ് കോവിഡ് വ്യാപിക്കാന്‍ കാരണമാകുകയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും യാത്രാ ക്ലേശങ്ങള്‍ക്കും പുറമേ മലയോര മേഖല ഉള്‍പ്പടെ കോഴിക്കോട് ജില്ലയുടെ ഉള്‍പ്രദേശങ്ങളിൽ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് തീയ്യതിക്ക് മുമ്പ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനും സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയിൽ ചേര്‍ക്കുന്നതിനും സാധിക്കാതെ വരുമെന്നതുമാണ് വസ്തുത.
ഈ വിഷയത്തിൽ സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും സ്പോര്‍ട്സ് കൌണ്‍സിലും തിരുമാനം മാറ്റുവാന്‍ തയ്യാറാകണമെന്നും ഈ അനാവശ്യ ഉത്തരവ് പിന്‍വലിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ് ആവശ്യപ്പെട്ടു.