
കോഴിക്കോട്: കളക്ടറേറ്റ് കവാടത്തിനുമുന്നിൽ ഒരേസമയം പരസ്പരം മുദ്രാവാക്യം വിളികളുമായി ഭരണാനുകൂല സർവീസ് സംഘടനകളായ എൻ.ജി.ഒ. യൂണിയനും ജോയന്റ് കൗൺസിലും സംഘടിച്ചപ്പോൾ കാര്യം മനസ്സിലാവാതെ കണ്ടുനിന്നവർ അമ്പരന്നു. സംഘർഷസാധ്യത മുന്നിൽക്കണ്ട് പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തിനും നടുവിൽ വലയംതീർത്തു.
റവന്യൂവകുപ്പിൽ 16 പേരെ കഴിഞ്ഞദിവസം സ്ഥലംമാറ്റി കളക്ടർ ഉത്തരവിറക്കിയിരുന്നു. സ്ഥലംമാറ്റത്തെ എതിർത്ത് എൻ.ജി.ഒ. യൂണിയൻ രംഗത്തുവന്നപ്പോൾ നടപടിയെ സ്വാഗതംചെയ്തും അനുകൂലിച്ചും ജോയന്റ് കൗൺസിൽ പരസ്യമായി പ്രതികരിച്ചു.
സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. യൂണിയൻ സമരം ആരംഭിച്ചതോടെ ഭരണകക്ഷിയിൽപ്പെട്ട രണ്ട് പ്രധാന സർവീസ് സംഘടനകൾ തമ്മിലുള്ള പോരാട്ടമായി ഇത് മാറി. മാനദണ്ഡം പാലിക്കാതെ നടത്തിയ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. യൂണിയൻ അനിശ്ചിതകാലസമരം ആരംഭിച്ച് മൂന്നുദിവസം പിന്നിട്ടു. ഇതിനിടെ ബുധനാഴ്ച എ.ഡി.എമ്മിനുനേരെ ചിലർ കൈയേറ്റശ്രമം നടത്തിയെന്ന് ആരോപിച്ച് വ്യാഴാഴ്ച ജോയന്റ് കൗൺസിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. ഇതേസമയം എൻ.ജി.ഒ. യൂണിയനും വിശദീകരണയോഗം വെച്ചിരുന്നു.
രണ്ടുവിഭാഗവും അടുത്തടുത്തുവെച്ച് പരസ്പരം മുദ്രാവാക്യം വിളിയും പ്രസംഗവും നടത്തിയതാണ് കുറച്ചുനേരത്തേക്ക് കളക്ടറേറ്റ് പരിസരത്ത് ആശങ്ക സൃഷ്ടിച്ചത്.





