
കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ശുദ്ധജല സ്രോതസ്സുകളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്. വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാകുമ്പോൾ കിട്ടുന്ന ഏതു വെള്ളവും ഉപയോഗിക്കുന്ന കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മലിനമാക്കപ്പെട്ട ഭക്ഷണവും വെള്ളവും വഴിയാണ് സാധാരണ ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. ഷിഗെല്ലോസിസ് എന്നറിയപ്പെടുന്ന മാരക വയറിളക്ക രോഗങ്ങൾക്ക് ഇത് കാരണമാകും. ജില്ലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെട്ട സ്രോതസ്സ് ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണം
വയറിളക്കം, ശുചിമുറിയിൽ പോകുമ്പോൾ വേദന, വയറുവേദന, പനി, വൻകുടൽ വീക്കം, മലാശയം പുറത്തേക്ക് തള്ളൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ





