Kozhikode

കണക്കിൽ 36 ഡിഗ്രി അനുഭവപ്പെടുന്നത് 47 മുതൽ 50 ഡിഗ്രി വരെ; കൊടും ചൂടിൽ കോഴിക്കോട്

Please complete the required fields.




കോഴിക്കോട്: കണക്കിൽ 36 ഡിഗ്രിയാണ്, പക്ഷേ, അനുഭവപ്പെടുന്നത് 47 മുതൽ 50 ഡിഗ്രി വരെ. സമീപ ദിവസങ്ങളിൽ അനുഭവപ്പെടുന്ന ചൂടിന്റെ കാര്യമാണ്. വടക്കേ ഇന്ത്യയിലെ ചൂടു കൂടിയ പല സ്ഥലങ്ങളിലും അനുഭവപ്പെടുന്ന ചൂടിനു തുല്യമാണിത്. അവിടെ വരണ്ട ചൂടാണെങ്കിൽ ഇവിടെ വിയർത്തൊലിക്കുന്ന ചൂടെന്ന വ്യത്യാസം മാത്രം. മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിനു കുറവില്ല എന്നതാണ് യാഥാർഥ്യം. 36 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില.

ഉയർന്ന ഈർപ്പ നിലകൂടിയുള്ളതിനാൽ ഏതാണ്ട് 47 ഡിഗ്രി സെൽഷ്യസിന്റെ ചൂടാണ് ഈ സമയത്ത് അനുഭവപ്പെട്ടത്. വളരെ അപകടരകമായ നിലയിലുള്ള ചൂടാണിത്. ഈർപ്പ സൂചിക പ്രകാരം 35 ഡിഗ്രി ചൂടും 80% ഈർപ്പവുമുണ്ടെങ്കിൽ 40 ഡിഗ്രി ചൂട് അനുഭവപ്പെടും. ഒരാഴ്ചയായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച 36.5 ഡിഗ്രിയും ചൊവ്വാഴ്ച 36.9 ഡിഗ്രിയും ബുധനാഴ്ച 36.6 ഡിഗ്രിയും വ്യാഴാഴ്ച 37 ഡിഗ്രിയുമാണ് ജില്ലയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില. മറ്റ് ജില്ലകളെ അപേക്ഷിച്ച് കോഴിക്കോട് ഇത്തവണ ചൂട് കൂടുതലാണ്. വരണ്ട വടക്കു കിഴക്കൻ കാ‍റ്റിന്റെ സ്വാധീനമാണ് ചൂട് കൂടാൻ കാരണമായത്.

എന്നാൽ, ഇന്നും നാളെയും കേരളത്തിൽ ചൂടിനു കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ പ്രവചനാതീതമായി മാറിയതോടെ ജനം വലയുകയാണ്. പുറത്തിറങ്ങുമ്പോൾ കുട ചൂടണം. വഴിയോര കച്ചവടക്കാർ ചൂടു കൂടുന്ന സമയങ്ങളിൽ സാധനങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ തുടങ്ങി. പുറത്തേക്കിറങ്ങുന്നവർക്കു ദാഹം കൂടിയതോടെ ബേക്കറികളിൽ തിരക്കേറി. എയർ കണ്ടീഷനറുകളുടെ വിൽപനയും വർധിച്ചിട്ടുണ്ട്. 

ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾ

1.കനത്ത ചൂടിൽ നിർജലീകരണം സംഭവിക്കുന്നത് ഒഴിവാക്കണം.
2.കുടിവെള്ളം ചെറിയ കുപ്പിയിൽ എപ്പോ‍ഴും കരുതണം.
3.പരമാവധി ശുദ്ധജലം കുടിക്കുക.
4.ദാഹമി‍ല്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
5.മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
6.പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശതയുള്ളവർ പകൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇവർക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം.

Related Articles

Leave a Reply

Back to top button