
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. 4 വിക്കറ്റിനാണ് ഡൽഹി കൊൽക്കത്തയെ വീഴ്ത്തിയത്. കൊൽക്കത്ത മുന്നോട്ടുവച്ച 147 റൺസ് വിജയലക്ഷ്യം 19 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഡൽഹി മറികടന്നു. 42 റൺസെടുത്ത ഡേവിഡ് വാർണർ ഡൽഹിയുടെ ടോപ്പ് സ്കോററായി. കൊൽക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ പൃഥ്വി ഷാ പുറത്തായി. താരത്തെ ഒരു അവിശ്വസനീയ റിട്ടേൺ ക്യാച്ചിലൂടെ ഉമേഷ് യാദവാണ് മടക്കിയത്. മൂന്നാം നമ്പറിലെത്തിയ മിച്ചൽ മാർഷ് തുടരെ ബൗണ്ടറികളടിച്ച് പോസിറ്റീവായി തുടങ്ങിയെങ്കിലും ഏറെ ആയുസുണ്ടായില്ല. 13 റൺസെടുത്ത മാർഷ് ഹർഷിത് റാണയുടെ പന്തിൽ വെങ്കടേഷ് അയ്യരുടെ കൈകളിൽ അവസാനിച്ചു.
ഡേവിഡ് വാർണർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. നാലാം നമ്പറിൽ ക്രീസിലെത്തിയ ലളിത് യാദവിനെ കൂട്ടുപിടിച്ച് താരം അനായാസം ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. ലളിതിൻ്റെ മെല്ലെപ്പോക്ക് സ്കോറിംഗിനെ ബാധിച്ചെങ്കിലും വാർണർ തകർപ്പൻ ഫോമിലായിരുന്നു. മൂന്നാം വിക്കറ്റിൽ 65 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷം വാർണർ മടങ്ങി. 26 പന്തുകളിൽ 8 ബൗണ്ടറിയടക്കം 42 റൺസെടുത്ത ഓസീസ് താരം ഉമേഷ് യാദവിൻ്റെ പന്തിൽ നരേൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. അടുത്ത ഓവറിൽ ലളിത് യാദവിനെ (22) നരേൻ വിക്കറ്റിനു മുന്നിൽ കുരുക്കി. ഋഷഭ് പന്തിനെ (2) ഉമേഷ് യാദവ് ബാബ ഇന്ദ്രജിത്തിൻ്റെ കൈകളിലെത്തിച്ചു. തുടരെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട ഡൽഹി ഒന്ന് പതറിയെങ്കിലും അക്സർ പട്ടേൽ അവരെ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 17 പന്തുകളിൽ 2 ബൗണ്ടറിയും ഒരു സിക്സറും സഹിതം 24 റൺസെടുത്ത അക്സറിർ റണ്ണൗട്ടായതോടെ ഡൽഹി വീണ്ടും ബാക്ക്‌ഫൂട്ടിലായി. എന്നാൽ, ശ്രദ്ധാപൂർവം ബാറ്റ് വീശിയ റോവ്മൻ പവലും (33) ശാർദ്ദുൽ താക്കൂറും (8) ചേർന്ന് ഡൽഹിയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. ഇരുവരും നോട്ടൗട്ടാണ്.





