Kozhikode

കെ ഫോൺ പദ്ധതി; ആദ്യഘട്ടം ഒരുങ്ങുന്നു

Please complete the required fields.




കോഴിക്കോട്: ജില്ലയിൽ കെ ഫോൺ കണക്‌ഷൻ നൽകുന്നതിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നു. ഇതുവരെ 501 സ്ഥാപനങ്ങളിൽ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) വഴി ജില്ലയിൽ ഇന്റർനെറ്റ് കണക്‌ഷൻ നൽകി. ആകെ 541 സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ കണക്‌ഷനുകൾ നൽകാൻ ഉദ്ദേശിച്ചിരുന്നത്. ഇതിൽ 322 സ്ഥാപനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സൗജന്യമായി കണക്‌ഷൻ നൽകി. സർക്കാർ ഓഫിസുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയാണ് ഇതിലുൾപ്പെടുന്നത്. ജില്ലയിലാകെ 2060 കണക്‌ഷനുകൾ നൽകാനാണു ലക്ഷ്യമിടുന്നത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കെഎസ്ഇബിയും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടം മേയിൽ പൂർത്തീകരിച്ച് ജൂണിൽ ഇന്റർനെറ്റ് നൽകിത്തുടങ്ങും. കെ ഫോണിന്റെ കോർ ശൃംഖലയായ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകൾ സ്ഥാപിക്കുന്ന ജോലിയുടെ ആദ്യഘട്ടം പൂർത്തിയായി. ആകെ 65.06 കിലോമീറ്റർ ദൂരമാണ് വയറുകൾ സ്ഥാപിച്ചത്. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച പോയിന്റ് ഓഫ് പ്രസൻസുകൾ (പിഒപി) തമ്മിൽ ബന്ധിപ്പിക്കുന്നത് ഒപ്റ്റിക്കൽ കേബിളുകൾ വഴിയാണ്.

പിഒപികളിൽ ബോക്സുകൾ സ്ഥാപിച്ചാണ് വിവിധ സ്ഥാപനങ്ങളിലേക്കു കണക്‌ഷൻ നൽകുന്നത്. ആദ്യ ഘട്ടത്തിൽ 6 പിഒപികളാണ് ജില്ലയിൽ സ്ഥാപിച്ചത്. ചേവായൂർ, കിനാലൂർ, കൊടുവള്ളി, ചക്കിട്ടപാറ, കൊയിലാണ്ടി, മേപ്പയൂർ എന്നിവിടങ്ങളിലാണു പിഒപികൾ. ഇതിൽ ചേവായൂരാണ് ജില്ലയിലെ കേബിൾ ശൃംഖലയിലെ പ്രധാന കേന്ദ്രമായ കോർ പിഒപി സ്ഥിതി ചെയ്യുന്നത്. ആകെ 26 പിഒപികൾ സ്ഥാപിക്കും.ഇവിടെ നിന്നു വൈദ്യുതത്തൂണുകളിലൂടെയാണ് കണക്‌ഷൻ നൽകേണ്ടയിടങ്ങളിലേക്കു വയറുകൾ വലിക്കുന്നത്. ഇതും ആദ്യഘട്ടം പൂർത്തിയായി.

ബിപിഎൽ കുടുംബങ്ങൾക്ക് കെ ഫോൺ വഴി സൗജന്യമായി ഇന്റർനെറ്റ് കണക്‌ഷൻ നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം ഓരോ നിയോജക മണ്ഡലത്തിലും 100 ബിപിഎൽ കുടുംബങ്ങൾക്കു കണക്‌ഷൻ നൽകും. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. മേയ് അവസാനത്തോടെ ബിപിഎൽ കുടുംബങ്ങൾക്കു കണക്‌ഷൻ നൽകിത്തുടങ്ങും.പദ്ധതി ജൂണിൽ കമ്മിഷൻ ചെയ്താലും ഏതാനും മാസങ്ങൾ കൂടി പരീക്ഷണത്തിനു ചെലവിടേണ്ടി വരും. സർവീസ് പ്രൊവൈഡറെ ടെൻഡറിലൂടെ കണ്ടെത്തണം. അതിനു ശേഷമാകും താരിഫും മറ്റും നിശ്ചയിക്കുക.

ജില്ലയിലെ കെ ഫോൺ പ്രവൃത്തിയുടെ ആദ്യഘട്ടം 90 ശതമാനത്തിലധികം പൂർത്തിയായി. കൊയിലാണ്ടി ഭാഗത്തു മാത്രമാണ് ഇനി ആദ്യഘട്ട കണക്‌ഷൻ നൽകാനുള്ള പ്രവൃത്തി പൂർത്തിയാകാനുള്ളത്. വരുംദിവസങ്ങളിൽ അതു നടപ്പാക്കും. ജൂണിൽ പൂർണതോതിൽ ഇതുവഴി ഇന്റർനെറ്റ് നൽകാൻ സാധിക്കും.
എസ്.സാം പ്രോജക്ട് മാനേജർ, കെ ഫോൺ ഫൈബർ

Related Articles

Leave a Reply

Back to top button