Kozhikode

വികസനത്തിലൂടെ ന്യൂ കാലിക്കറ്റ് ഉയരണം: മന്ത്രി മുഹമ്മദ് റിയാസ്

Please complete the required fields.




കോഴിക്കോട്∙ കാലിക്കറ്റിനെ ന്യൂ കാലിക്കറ്റ് എന്നു നാമകരണം ചെയ്യേണ്ട രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണു കോഴിക്കോടിനു വേണ്ടതെന്നും വിവിധ രാഷ്ട്രീയ മേഖലയിലുള്ളവർക്കു വികസനകാര്യത്തിൽ ഒറ്റ രാഷ്ട്രീയമായിരിക്കണമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാർ വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന പ്രദർശനത്തോടനുബന്ധിച്ച് നാളെയുടെ കോഴിക്കോട് എന്ന വിഷയത്തിൽ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരത്തിൽ വാഹനപ്പെരുപ്പം പ്രധാന വിഷയമാണ്.

പ്രശ്നപരിഹാരത്തിനു റിങ് റോഡ് സംവിധാനം കൊണ്ടുവരും. റോഡുകളുടെ വികസന പ്രവൃത്തി തുടരുന്നുണ്ട്. രാമനാട്ടുകര മുതൽ കരിപ്പൂർ വിമാനത്താവള ജംക്‌ഷൻ വരെയുള്ള റോഡ് വീതി കൂട്ടാൻ തീരുമാനമായിട്ടുണ്ട്. ദേശീയപാത രാമനാട്ടുകര മുതൽ വെങ്ങളം വരെ 6 വരി നിർമാണം 2025ൽ പൂർത്തീകരിക്കും. കനോലി കനാൽ വികസനവും നടക്കുന്നതോടെ കോഴിക്കോടിന്റെ മുഖഛായ മാറും. ബൈപാസ് ഭൂമി ഏറ്റെടുക്കുന്നതിന് 25 ശതമാനം ഫണ്ട് 5,300 കോടി രൂപ സർക്കാർ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു.

തീരദേശ, മലയോര പാതകൾ, ബേപ്പൂർ തുറമുഖ വികസനം സാധ്യമാകും. സർക്കാർ സ്കൂളുകളും കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എംഎൽഎ, ലിന്റോ ജോസഫ് എംഎൽഎ, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, പി.ഗവാസ്, കെ.പി.ഷീബ, ടി.കെ.സുമേഷ്, ഡോ. എ.കെ.അബ്ദുൽ ഹക്കീം, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ.ദീപ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button