
വയനാട്ടിൽ ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരനെ കാണാതായി. പത്താം മൈൽ ബൈബിൾ ലാന്റ് പാറയിൽ പൈലി-സുമ ദമ്പതികളുടെ മകൻ ഡെനിൻ ജോസിനെയാണ് കാണാതായത്. തരിയോട് പത്താം മൈൽ കുറ്റിയാംവയലിൽ ബാണാസുര സാഗർ അണക്കെട്ടിന് സമീപം കുളിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.
പിണങ്ങോട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കൽപ്പറ്റയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം രാത്രിയോടെ തെരച്ചിൽ താൽക്കാലികമായി നിർത്തി. ഡാമിനും പരിസരത്തും നല്ല രീതിയിൽ മഴ പെയ്യുന്നതും തണുപ്പും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി.