
കോഴിക്കോട് : വിഷുവെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പച്ചക്കറി വിപണിയും സജീവമായി. കോവിഡിന്റെ കടുത്ത നിയന്ത്രണങ്ങൾക്ക് അയവുവന്നശേഷമുള്ള ആഘോഷദിവസങ്ങളാണ് വരാനിരിക്കുന്നത്. വിഷുവും ഈസ്റ്ററും റംസാനുമെല്ലാംചേർന്ന് കുടുംബങ്ങളെല്ലാം ആഘോഷത്തിലേക്ക് കടക്കുകയാണ്.
പച്ചക്കറിവിലയിലെല്ലാം ദിവസേന ഏറ്റക്കുറച്ചിലുകളുണ്ട്. എങ്കിലും പ്രതീക്ഷയിലാണ് കച്ചവടക്കാരുള്ളത്. ഒരുകിലോ തക്കാളി-18 രൂപ, ഉള്ളി-20, മുരിങ്ങ-30-35, ഉരുളക്കിഴങ്ങ്-25, പച്ചക്കായ-35 എന്നിങ്ങനെയാണ് പാളയത്തെ തിങ്കളാഴ്ചത്തെ ചെറുകിടവില. മൊത്തവിപണിയിൽ വെണ്ട-35, വഴുതന-12, കയ്പ-25, മാങ്ങ-35, കാബേജ്-10, വെള്ളരി-11, കക്കിരി-17, ചേന-22 എന്നിങ്ങനെയായിരുന്നു വില.
ഇപ്പോൾ വൈകുന്നേരങ്ങളിൽ മഴ പെയ്യുന്നതും കച്ചവടത്തെ ബാധിക്കുന്നുണ്ട്. മാമ്പഴമുൾപ്പെടെ എത്തിത്തുടങ്ങിയിട്ടുണ്ട്. കിലോയ്ക്ക് 100 രൂപയാണ്. ആപ്പിൾ-140, ഉറുമാമ്പഴം-100, മുന്തിരി-80, ഓറഞ്ച്-100 രൂപ എന്നിങ്ങനെയാണ് വില. പച്ചക്കറിപോലെത്തന്നെ പഴവിപണിയിലും മാറ്റമുണ്ട്. ചെറുനാരങ്ങവില കഴിഞ്ഞദിവസങ്ങളിൽ 200 രൂപവരെയെത്തി. പലഭാഗങ്ങളിലും കടകളിൽ ഒരെണ്ണത്തിന് പത്തുരൂപവരെയാണ് വില.





