
താമരശ്ശേരി: വയനാടു ചുരത്തിൽ കടുവയെ കണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമെന്നു വനം വകുപ്പ് അധികൃതർ. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30നു ചുരം 7ാം വളവിൽ കടുവയെ കണ്ടെന്നു ബൈക്ക് യാത്രക്കാരായ ദമ്പതികൾ നൽകിയ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയ്ക്കു ശേഷമാണു വനം വകുപ്പ് അധികൃതർ കടുവ സാന്നിധ്യമില്ലെന്നു വ്യക്തമാക്കിയത്.
നല്ലളം സ്വദേശി മനാംകുളം നജ്മുദ്ദീനും ഭാര്യ റുണയും വയനാട്ടിൽനിന്നു ബൈക്കിൽ വരുമ്പോൾ 7ാം വളവിൽ കടുവയെ വാഹനത്തിനു മുന്നിൽ കണ്ടെന്ന വിവരം അറിയിച്ചു. തുടർന്നാണു വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. ദമ്പതികൾ കണ്ടെന്നു പറയുന്നതു കുറുനരിയോ മറ്റോ ആകാനാണു സാധ്യതയെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻപ് ഒട്ടേറെത്തവണ ചുരം യാത്രക്കാർ കടുവയെ കണ്ടെത്തിയെന്നു പറഞ്ഞിരുന്നെങ്കിലും പരിശോധനയിൽ സ്ഥിരീകരിക്കപ്പെട്ട തെളിവു ലഭിച്ചിട്ടില്ല. ചുരത്തിൽ കടുവയെന്നു കണ്ടെന്ന പറഞ്ഞതോടെ യാത്രക്കാരും ആശങ്കയിലാണ്.





