
ദുബായ്: ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ടി20 ബാറ്റിംഗ് റാങ്കിംഗിൽ മലയാളി താരം സഞ്ജു സാംസണ് റെക്കോർഡ് കുതിപ്പ്. ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ തകർപ്പൻ പ്രകടനമാണ് ഈ നേട്ടത്തിന് പിന്നിൽ.
25 സ്ഥാനങ്ങൾ ഒറ്റയടിക്ക് മെച്ചപ്പെടുത്തിയ സഞ്ജു ഇപ്പോൾ റാങ്കിംഗിൽ 40-ാം സ്ഥാനത്താണ്. ടീമിന് സെമി ടിക്കറ്റ് ഉറപ്പാക്കിയ സഞ്ജുവിന്റെ ഈ ബാറ്റിംഗ് മികവ് ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്.
അതേസമയം, ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യൻ താരം അഭിഷേക് ശർമ്മയ്ക്ക് പാകിസ്ഥാൻ താരം സാഹിബ്സാദ ഫർഹാനിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നിലവിൽ 874 റേറ്റിംഗ് പോയിന്റുള്ള അഭിഷേകിന് തൊട്ടുപിന്നിൽ 848 പോയിന്റുമായി ഫർഹാൻ രണ്ടാം സ്ഥാനത്തുണ്ട്.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തിളങ്ങാനായില്ലെങ്കിൽ അഭിഷേകിന് തന്റെ ഒന്നാം സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്. മറ്റൊരു ഇന്ത്യൻ താരം ഇഷാൻ കിഷൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയപ്പോൾ, ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മറികടന്ന് തിലക് വർമ്മ ആറാം സ്ഥാനത്തേക്ക് ഉയർന്നു.സൂര്യകുമാർ നിലവിൽ ഏഴാം സ്ഥാനത്താണ്. ഇതോടെ ലോകത്തെ മികച്ച പത്ത് ബാറ്റർമാരിൽ നാല് പേരും ഇന്ത്യക്കാരായി മാറി. ഹാർദ്ദിക് പാണ്ഡ്യ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 50-ാം റാങ്കിലെത്തിയിട്ടുണ്ട്.
ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ വരുൺ ചക്രവർത്തി 771 പോയിന്റുമായി തന്റെ ഒന്നാം സ്ഥാനം കരുത്തോടെ നിലനിർത്തി. പാക് താരം അബ്റാർ അഹമ്മദ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര ഏഴാം സ്ഥാനത്തെത്തി.
ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിമൂന്നാം റാങ്കിലെത്തിയ അർഷ്ദീപ് സിംഗാണ് ബൗളർമാരുടെ പട്ടികയിൽ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യൻ താരം.





