Kozhikode

മാതമംഗലം മോഡല്‍ പാലാഴിയിലും ; 2മാസമായി കടയ്ക്ക് മുന്നില്‍ കുടില്‍കെട്ടി സമരം; ചരക്കിറക്കാന്‍ അനുവദിക്കുന്നില്ല

Please complete the required fields.




കോഴിക്കോട്: പാലാഴിയിലും മാതമംഗലം മോഡല്‍ സമരം. മലപ്പുറം സ്വദേശി കോടികൾ മുടക്കി തുടങ്ങിയ മൊത്തകച്ചവട സ്ഥാപനത്തിന് മുന്നില്‍ രണ്ട് മാസമായി ചുമട്ട് തൊഴിലാളികൾ കുടില്‍കെട്ടി സമരം തുടരുകയാണ്. പോലീസ് സുരക്ഷയിലാണ് സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നത്. സാധനങ്ങൾ വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും കടയുടമ പരാതിപ്പെടുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്ന മലപ്പുറം സ്വദേശി രമേശന്‍ മൂന്ന് വർഷം മുന്‍പാണ് ജോലി രാജി വച്ച് പാലാഴിയില്‍ കെട്ടിട നിർമ്മാണ സാധനങ്ങൾ മൊത്തമായി വില്‍ക്കുന്ന വീനസ് എന്‍റർപ്രൈസ് തുടങ്ങിയത്. 2018 ല്‍ ചുമട്ടുതൊഴിലാളികളും കടയുടമയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം രണ്ടുവർഷം ഒരു ലോഡിന് അയ്യായിരം രൂപയോളം കൂലി നല്‍കിയാണ് സാധനങ്ങളിറക്കിയതെന്ന് കടയുടമ പറയുന്നു. എന്നാല്‍ അമിത കൂലിയും ചുമട്ട് തൊഴിലാളികളുടെ നിസ്സഹകരണവും കാരണം കരാർ പുതുക്കിയില്ല. കഴിഞ്ഞ ജനുവരിയില്‍ ജില്ലാ ലേബർ ഓഫീസർ സ്ഥാപനത്തിലെ ആറ് ജീവനക്കാർക്ക് തൊഴില്‍ കാർഡ് അനുവദിച്ചു. ഈ തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാന്‍ തുടങ്ങിയപ്പോൾ ചുമട്ട് തൊഴിലാളികൾ എതിർപ്പുമായെത്തി. 

കടയിലേക്ക് വരുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തുകയാണെന്നും , ചരക്കിറക്കാന്‍ ശ്രമിച്ച ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും കടയുടമ പറയുന്നു. തുടർന്ന് കടയ്ക്ക് പോലീസ് സുരക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു. രണ്ടാഴ്ച വീതം മൂന്ന് തവണ കോടതി ഇതുവരെ സുരക്ഷനല്‍കാന്‍ ഉത്തരവിട്ടു. കോടതി ഉത്തരവിന്‍റെ കാലാവധി കഴിഞ്ഞ ഇന്നലെയും ചമുട്ട് തൊഴിലാളികൾ കടയ്ക്ക് മുന്നിലെത്തി ഭീഷണി തുട‍ർന്നു.

ഭീഷണി കാരണം ഉടമയായ രമേശന്‍ ഇപ്പോൾ കടയിലേക്ക് വരാറില്ല. ഹൈക്കോടതിയെ സമീപിച്ച് വീണ്ടും രണ്ടാഴ്ചത്തേക്ക് പോലീസ് സുരക്ഷ ഉറപ്പാക്കിയാണ് ഇപ്പോൾ കച്ചവടം നടത്തുന്നത്.

കഴിഞ്ഞ രണ്ട് മാസമായി കടയ്ക്ക് മുന്നില്‍ സംയുക്ത തൊഴിലാളി സമിതിയുടെ കുടില്‍കെട്ടി സമരം തുടരുകയാണ്. സിഐടിയു ഐഎന്‍ടിയു, എച്ച്എംഎസ് തുടങ്ങി തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് സമരമിരിക്കുന്നത്. ഇരുവിഭാഗങ്ങളുമായി ജില്ലാ ലേബർ ഓഫീസർ മാർച്ച് 31ന് ചർച്ചയും നടത്തുന്നുണ്ട്.

Related Articles

Leave a Reply

Back to top button