താമരശ്ശേരി: ഇരുതുള്ളിപ്പുഴയിലെ കരിങ്ങമണ്ണ തോണിക്കടവിനുസമീപം കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട ബന്ധുക്കളായ നാലുപേർക്ക് രക്ഷകരായി പരിസരവാസികളായ യുവാക്കൾ. കരിങ്ങമണ്ണ മേലേകുന്നംവള്ളി സയ്ഫുദ്ദീൻ, മേലേകുന്നംവള്ളി അസ്‌ലം, കരിങ്ങമണ്ണ റിഷാദ്, ഒറ്റപ്പിലാക്കിൽ മോയി എന്നിവരാണ് രക്ഷകരായത്.
കൂടത്തായി പുതിയപുരയിൽ നൗഫൽ(42), മകൻ ഇൻടാഷ് മുഹമ്മദ് (10), നൗഫലിന്റെ ഭാര്യാസഹോദരിയുടെ മക്കളായ സഞ്ജു(23), ഷദ(18) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
ഞായറാഴ്ച രണ്ടിന് വീട്ടിലെത്തിയ ബന്ധുക്കളെ പുഴയോരത്തെ തൂക്കുപാലം, മൈതാനം എന്നിവ കാണിച്ചശേഷം തടയണയുടെതാഴെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. പുഴയിലെ ഒഴുക്കിൽപ്പെട്ടുപോയ മകനെ നൗഫൽ രക്ഷിക്കാൻ ശ്രമിക്കുന്നതുകണ്ട് മറ്റുള്ളവരുംകൂടി. എല്ലാവരുംകൂടി കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നൗഫലിന്റെമേൽ കൂടുതൽ ഭാരം വന്നതോടെ നിയന്ത്രണം നഷ്ടമായി നാലുപേരും ഒഴുക്കിൽപ്പെട്ടു. പുഴയിൽ കുളിക്കാനെത്തിയ യുവാക്കൾ ഇതുകണ്ട് നാലുപേരെയും സാഹസികമായി രക്ഷപ്പെടുത്തി.
നാടിനുമാതൃകയായ യുവാക്കളെ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ, വാർഡ് മെമ്പർ അനിൽകുമാർ എന്നിവർ അഭിനന്ദിച്ചു