കിഴക്കമ്പലത്തെ ദീപുവിന്റെ മരണകാരണം തലയ്ക്കേറ്റ പരിക്ക്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. ട്വന്റി 20യുടെ വിളക്കണയ്ക്കൽ സമരത്തോടനുബന്ധിച്ചുളള സംഘർഷത്തിലാണ് ദീപു കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു. ദീപുവുമായി വാക് തർക്കം മാത്രമാണുണ്ടായതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ മൊഴി നൽകി. ദീപുവിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവർത്തകനുമായ സൈനുദ്ദീൻ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയില്ലന്നാണ് പ്രതികൾ മൊഴി നൽകിയതെന്നാണ് വിവരം. ദീപുവുമായ വാക് തർക്കം ഉണ്ടായിരുന്നതായും ഇതിനിടെ ഉന്തുംതള്ളുമുണ്ടായതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ട്വന്റി 20 ആരോപിച്ചതുപോലെ വധഗൂഡാലോചന നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ദീപുവിന്റെ മരണ കാരണം സംബന്ധിച്ച തർക്കങ്ങൾക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതോടെ അവസാനമായിരുന്നു. കിഴക്കമ്പലത്ത് സംഘർഷം ഉണ്ടായിട്ടില്ലെന്നും ലിവർ സീറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വി ശ്രീനിജിന്‍ എംഎല്‍എ സംശയം പ്രകടിപ്പിച്ചത്. സിപിഎം നേതാക്കളും ഇത് ആവർത്തിച്ചിരുന്നു. ഈ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
തലയോട്ടിക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിലും പറഞ്ഞിരുന്നു. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതേത്തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. അതേ സമയം ദീപുവിന് കരൾ രോഗവും ഉണ്ടായിരുന്നു. ഇതും മരണത്തിന് ആക്കം കൂട്ടി. ക്ഷതമേറ്റതിനെ തുടർന്ന് രക്തധമനികളിൽ പൊട്ടലുണ്ടായെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.





