Kozhikode

കോഴിക്കോട് നഗരത്തിൽ വീണ്ടും ഗുണ്ടാവിളയാട്ടം; യുവാവിനെ ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടി

Please complete the required fields.




കോഴിക്കോട് : നഗരത്തിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. കോയാറോഡിൽ സുഹൃത്തുമായി സംസാരിച്ചുനിന്ന യുവാവിനെ ബൈക്കിലെത്തിയ ആറംഗ സംഘം  വെട്ടി പരുക്കേൽപ്പിച്ചു. കാലിനു വെട്ടേറ്റ യുവാവിനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരുമണിയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോയാറോഡ് പള്ളിക്കടുത്താണു സംഭവം. കോയാറോഡ് പള്ളിക്കണ്ടി അർഷാദ് (28) നാണ് ഇടതുകാലിനു വെട്ടേറ്റത്.

ആക്രമണത്തിനു പിന്നിൽ ഗുണ്ടാ സംഘമാണെന്നും അന്വേഷണം ആരംഭിച്ചതായും എസ്ഐ യു.സനീഷ് പറഞ്ഞു. ഈ മേഖല കേന്ദ്രീകരിച്ച് നേരത്തെ ലഹരിമരുന്നു വിൽപനയുമായി ഇരുവിഭാഗം തമ്മിൽ വാക്കേറ്റം നടന്നിരുന്നതായി പൊലീസ് പറഞ്ഞു. കുടിപ്പകയാകാം ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ രാവിലെ പൊലീസ് സ്ഥലത്തു പരിശോധന നടത്തി.

അർഷാദും സുഹ‍ൃത്തും സംസാരിച്ചു നിൽക്കവേ മൂന്നു ബൈക്കിലെത്തിയ 6 അംഗ സംഘം ഇവരെ വളയുകയായിരുന്നു. ഇതിൽ ബൈക്കിനു പിൻസീറ്റിൽ ഇരുന്ന ഒരാൾ ഇറങ്ങി വടിവാൾ കൊണ്ടു തലയ്ക്കു വെട്ടാൻ ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. യുവാവ് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇടതു കാലിനു വെട്ടേറ്റത്. ഇവർ ശബ്ദമുണ്ടാക്കിയപ്പോൾ സംഘം ബൈക്കിൽ രക്ഷപ്പെട്ടു.

സംഭവത്തെ കുറിച്ച് അർഷാദിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ആക്രമികൾ പ്രദേശത്തുനിന്നും രക്ഷപ്പെട്ടതായാണ് പൊലീസിനു ലഭിച്ച വിവരം. ആഴ്ചകൾക്കു മുൻപ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മദ്യപസംഘങ്ങൾ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതോടെ നഗരത്തിൽ രാത്രി വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഇരുചക്ര വാഹന സംഘങ്ങൾ തമ്പടിക്കുന്നത് സജീവമായി.

Related Articles

Leave a Reply

Back to top button