ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടം. മഴ പെയ്തതിനെ തുടർന്ന് പാതിവഴിയിൽ കളി നിർത്തിവെക്കേണ്ടിവന്നപ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് ആണ് നേടിയിരിക്കുന്നത്. മികച്ച തുടക്കത്തിനു ശേഷമാണ് ഇന്ത്യ തകർന്നടിഞ്ഞത്. ആദ്യ വിക്കറ്റിൽ രോഹിതും രാഹുലും ചേർന്ന് 97 റൺസ് കൂട്ടിച്ചേർത്തെങ്കിലും പിന്നീട് ക്രീസിൽ എത്തിയവർക്കൊന്നും ഈ തുടക്കം മുതലെടുക്കാനായില്ല.
36 റൺസെടുത്ത് രോഹിത് പുറത്തായതോടെ ഇന്ത്യ കൂട്ടത്തകർച്ചയിലേക്ക് വീണു. 41ആമത്തെ ഓവറിൽ പൂജാരെയും കോലിയെയും അടുത്തടുത്ത പന്തുകളിൽ മടക്കി അയച്ച ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. പൂജാരയെയും കോലിയെയും വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ പിടികൂടുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെയാണ് കോലി മടങ്ങിയത്. അഞ്ചാം നമ്പറിലെത്തിയ രഹാനെയും വേഗം മടങ്ങി. താരം റണ്ണൗട്ടാവുകയായിരുന്നു. 47ആം ഓവറിലെ ആദ്യ പന്ത് എറിഞ്ഞപ്പോൾ വെളിച്ചക്കുറവിനെ തുടർന്ന് കളി താത്കാലികമായി നിർത്തിവച്ചു. പിന്നീട് മഴ പെയ്തു. അല്പ സമയത്തിനുള്ളിൽ മഴ തീർന്ന് കളി പുനരാരംഭിച്ചു. എന്നാൽ, ഒരു പന്തെറിഞ്ഞപ്പോൾ വീണ്ടും മഴ. പിന്നീട് മഴ കുറയാതിരുന്നതോടെ രണ്ടാം ദിനത്തിലെ കളി അവസാനിപ്പിക്കുകയായിരുന്നു. ഋഷഭ് പന്ത് (7) ലോകേഷ് രാഹുലിനൊപ്പം (57) ക്രീസിൽ തുടരുകയാണ്.
ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലായിരുന്നു. ആദ്യ വിക്കറ്റിൽ 97 റൺസ് കൂട്ടുകെട്ട് ഉയർത്തിയതോടെ ഏഷ്യക്ക് വെളിയിൽ 14 വർഷത്തിനിടെ ഇന്ത്യ കുറിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇത്. 2007ലെ ട്രെൻ്റ് ബ്രിഡ്ജ് ടെസ്റ്റിൽ ദിനേഷ് കാർത്തികും വസീം ജാഫറും ചേർന്ന് നേടിയ 147 റൺസാണ് 14 വർഷം മുൻപ് ഇന്ത്യ കുറിച്ചത്.
സ്ഥിരം ഓപ്പണറായ ശുഭ്മൻ ഗില്ലും ബാക്കപ്പ് ഓപ്പണറായ മായങ്ക് അഗർവാളും പുറത്തായതുകൊണ്ട് മാത്രം ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ലോകേഷ് രാഹുൽ രോഹിതിനൊപ്പം മികച്ച രീതിയിലാണ് ബാറ്റേന്തിയത്. ഇംഗ്ലീഷ് ബൗളർമാരുടെ തന്ത്രങ്ങളെ സമർത്ഥമായി പ്രതിരോധിച്ച സഖ്യം ആദ്യ ഘട്ടത്തിൽ മികച്ച അടിത്തറയുണ്ടാക്കി. അവസാന മണിക്കൂറിൽ പ്രതിരോധത്തിനൊപ്പം ആക്രമണവും കൂട്ടിച്ചേർത്ത ഇന്ത്യൻ ഓപ്പണർമാർ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ജോ റൂട്ടിന് ഒരു വിക്കറ്റ് കണ്ടെത്താനായില്ല. ഒടുവിൽ, 38ആം ഓവറിൽ ഒലി റോബിൻസണിൻ്റെ ഷോർട്ട് ബോൾ ഹുക്ക് ചെയ്യാൻ ശ്രമിച്ച രോഹിത് സാം കറന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങിയതോടെ ഉച്ചഭക്ഷണത്തിനു പിരിയാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.