കുപ്രചാരണങ്ങൾക്ക് തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ’; വടകര എം.പി ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സുകൾ

കണ്ണൂർ: കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും വാഗ്വാദങ്ങളും തുടരുന്നതിനിടെ വടകര എം.പി ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു.
യൂത്ത് കോൺഗ്രസിന്റെ പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ‘കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ’ എന്ന വാചകത്തോടെയാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.
രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഷാഫി പറമ്പിലും തമ്മിലുള്ള പരസ്യമായ പോരും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെച്ചൊല്ലിയുള്ള വിവാദങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ ഒരു വിഭാഗം യുവ എംഎൽഎമാരും ഷാഫി പറമ്പിലിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. അതിനിടെ, തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫിയുടെ അനുയായികളാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ.





