വണ്ടിയും വാങ്ങി മുങ്ങി, തവണയുമടച്ചില്ല..! വാണിമേൽ സ്വദേശിയെ പറ്റിച്ച് ആറ് ലക്ഷം തട്ടിയ കണ്ണൂർ സ്വദേശിക്കെതിരെ കേസ്

നാദാപുരം : ഫിനാൻസ് തവണകൾ അടയ്ക്കാമെന്ന വ്യവസ്ഥയിൽ വാങ്ങിയ ബൊലേറോ പിക്കപ്പ് വാഹനം തിരികെ നൽകാതെയും തവണകൾ അടയ്ക്കാതെയും വഞ്ചിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശിക്കെതിരെ വളയം പോലീസ് കേസെടുത്തു.
കണ്ണൂർ റൂറൽ, ഇരിട്ടി താലൂക്ക്, കല്ലൂർ, കൊളാരി, മഹ്ജൂബി മൻസിൽ വീട്ടിൽ അസ്കർ കെ.എ (45) നെതിരെയാണ് കേസ്. ഭാരതീയ ന്യായ സംഹിത 316, 318(4), 324 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വാണിമേൽ, പുന്നോലത്തിൽ വീട്ടിൽ രവി (52) യുടെ പരാതിയിലാണ് നടപടി. കോടതി നിർദേശപ്രകാരമാണ് വളയം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പരാതിയിൽ പറയുന്നത് ഇങ്ങനെ: 2025 ജൂലൈ 5-ന് രവിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ-65-ജെ-6593 നമ്പർ ബൊലേറോ പിക്കപ്പ് വാഹനം 4,20,000 രൂപയ്ക്ക് വിൽപ്പന നടത്തി. പ്രതിമാസ ഫിനാൻസ് തവണകൾ അടച്ചുകൊണ്ടിരിക്കാമെന്ന വ്യവസ്ഥയിലായിരുന്നു വിൽപ്പന.
എന്നാൽ ചതിയിലൂടെയും വിശ്വാസവഞ്ചനയിലൂടെയും അനധികൃത ലാഭമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതി തവണകൾ അടച്ചില്ലെന്നും വാഹനം തിരികെ നൽകിയില്ലെന്നും വാഹനം ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്തുവെന്നുമാണ് പരാതി. ഇതിലൂടെ പരാതിക്കാരന് 6,00,000 രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്.ഐ.ആറിൽ പറയുന്നു. വളയം പോലീസ് എഫ്.ഐ.ആർ നമ്പർ 0622/2026 ആയി 2026 നവംബർ 25-ന് കേസ് രജിസ്റ്റർ ചെയ്തു. എസ്.ഐ ഗിരിരാജ് ഡി അന്വേഷണം നടത്തും.





