പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റാൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? കേസ് തേച്ചുമായ്ച്ചു കളയാമെന്ന് കരുതേണ്ട’; ചേരാനല്ലൂർ അപകടത്തിൽ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണെന്ന് ചോദ്യവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കേണ്ട പൊലീസിനെ പണവും സ്വാധീനവും ഉള്ളവരുടെ അകമ്പടി സേവകരായി അധഃപതിപ്പിക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച അതേ നാടകം തന്നെയാണ് ചേരാനല്ലൂരിലും പൊലീസ് ആവർത്തിച്ചിരിക്കുന്നത്. അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് ജയബാലകൃഷ്ണൻ എന്ന സാധാരണക്കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. വാഹനമോടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത, ലൈസൻസില്ലാത്ത പതിനേഴുകാരനാണ്. പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് മാത്രം നിയമം മാറ്റിയെഴുതാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു.
പ്രാഥമിക എഫ്.ഐ.ആറിൽ പ്രതിയുടെ പേര് മറച്ചുവെച്ച് ‘അൺനോൺ’ എന്നാണ് രേഖപ്പെടുത്തിയത്. അപകടദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരുടെ ഫോണുകൾ പിടിച്ചെടുത്ത് തെളിവ് നശിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഉന്നതരുടെ മക്കൾ എന്ത് നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാൻ പൊലീസുണ്ട് എന്ന അഹങ്കാരത്തിനാണ് യുഡിഎഫ് സർക്കാർ കുടപിടിക്കുന്നത്.
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നത് ജനാധിപത്യ സമൂഹത്തിന് വലിയ അപമാനമാണ്. സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമായ്ച്ചു കളയാമെന്ന് കരുതേണ്ടെന്നും, നീതിക്കായുള്ള ആ കുടുംബത്തിന്റെ പോരാട്ടത്തിൽ നാട് ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.





