Kannur

ഇ.പി. ജയരാജന്റെ ഭാര്യ ശശിധരൻ കര്‍ത്തയില്‍ നിന്ന് പണം വാങ്ങി, വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണം ‘; ഗുരുതര ആരോപണവുമായി ബന്ധു ശ്യാംജിത്

Please complete the required fields.




കണ്ണൂർ: വ്യവസായി ശശിധരൻ കര്‍ത്തയില്‍ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ഗുരുതര ആരോപണവുമായി ഇ.പി. ജയരാജന്റെ ബന്ധു ശ്യാംജിത് രംഗത്ത്. വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ആരോപണം. ഇ.പി. ജയരാജന്റെ കൈപ്പടയിൽ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

‘പ്രൈഡ് പ്രേംകുമാർ 9 കോടി, ജീവൻ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ ബ്ലാക്ക് മണിയായും വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചു’ എന്ന് ഇ.പിയുടെ സഹോദരീപുത്രൻ പോസ്റ്റിൽ ആരോപിക്കുന്നു. ഇതിലും കൂടുതൽ പേർ പണം നൽകിയിട്ടുണ്ടെന്നും അടുത്തദിവസം വെളിപ്പെടുത്തുമെന്നും കുറിപ്പിൽ പറയുന്നു. ഇതിനുപിന്നാലെ, താൻ ജീവിതം അവസാനിപ്പിച്ചാൽ അതിന്റെ ഉത്തരവാദിത്വം പി.കെ. ഇന്ദിര, ഇ.പി. ജയരാജൻ, തോമസ്, സി.കെ. ഷാജി എന്നിവർക്കായിരിക്കുമെന്ന മറ്റൊരു കുറിപ്പും പങ്കുവെച്ചു. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ശ്യാംജിത് രണ്ട് പോസ്റ്റുകളും പിൻവലിക്കുകയുണ്ടായി.

അതേസമയം, ആരോപണങ്ങളെ പൂർണ്ണമായി തള്ളി ഇ.പി. ജയരാജൻ പ്രതികരിച്ചു. തനിക്ക് ശശിധരൻ കർത്തയുമായി യാതൊരു ബന്ധവുമില്ലെന്നും വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഭാര്യ റിട്ടയർമെന്റ് സമയത്ത് ലഭിച്ച പണമാണ് ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചത്. എന്നാൽ തന്റെ അനന്തിരവനായ ശ്യാംജിത്തിന്റെ ഭാര്യ കമ്പനിയിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നും അതിൽ കൃത്യമായ അന്വേഷണം നടത്തണമെന്നുമാണ് ഇ.പി. ജയരാജന്റെ നിലപാട്.

Related Articles

Back to top button