രാത്രിയുടെ മറവിൽ പാടത്തിറങ്ങി മോഷണം; പുത്തൻവേലിയിൽ ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച യുവാവ് പിടിയിൽ

കൊച്ചി: പോത്തുകളെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെ പറമ്പിൽ വീട്ടിൽ നിർമ്മൽ (40) ആണ് പുത്തൻവേലിക്കര പൊലീസിന്റെ പിടിയിലായത്. പുത്തൻവേലിക്കര മേഖലയിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ നിന്നായി 7 പോത്തുകളെയാണ് പ്രതി മോഷ്ടിച്ച് കടത്തിയതെന്ന് പൊലീസ് പറയുന്നു.
പുത്തൻവേലിക്കര താഴഞ്ചിറ പാടത്ത് നിന്നും മൂന്ന് പോത്തുകളെയും ബസാർ ഭാഗത്ത് നിന്ന് മൂന്ന് പോത്തുകളെയും കരിമ്പാടം ഭാഗത്ത് നിന്ന് ഒരു പോത്തിനെയുമാണ് പ്രതി മോഷ്ടിച്ചത്. ലക്ഷങ്ങൾ വില വരുന്ന പോത്തുകളെയാണ് മോഷ്ടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മോഷണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകളും കേസിൽ പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചു.
പുത്തൻവേലിക്കര പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐമാരായ അനീഷ്, മനോജ് കുമാർ, ഗോപി, സീനിയർ സിപിഒ ലിഗിൽ ജോസ്, സിപിഒമാരായ സനൽ, വിനീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. മോഷ്ടിച്ച പോത്തുകളെ കണ്ടെത്താനും മോഷണ ശൃംഖലയിൽ മറ്റ് ആളുകൾക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. പ്രദേശത്ത് സമാനമായ മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.





