സാധാരണക്കാരെ കടുത്ത കുറ്റവാളികളെപ്പോലെ കൈകാര്യം ചെയ്യുന്നു’; രാത്രി മുഴുവൻ കസ്റ്റഡിയിൽ കഴിഞ്ഞ നേഹാ ബോറയെ വിട്ടയച്ചു, അഭിജീത് ദീപ്കെയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ്

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ വെള്ളിയാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്ത ഐസ (AISA) ദേശീയ അധ്യക്ഷ നേഹാ ബോറയെ ശനിയാഴ്ച രാവിലെ വിട്ടയച്ചു. ഡൽഹിയിലെ ആർ.കെ. പുരം പോലീസ് സ്റ്റേഷനിലാണ് നേഹയെ പാർപ്പിച്ചിരുന്നത്.
പോലീസ് കസ്റ്റഡിയിലുള്ള സിജെപി നേതാവ് അഭിജീത് ദീപ്കെയേയും ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും എന്ന് ഡൽഹി പോലീസ് അറിയിച്ചു.
‘നിയമവും സമാധാനവും സാധ്യമായ എല്ലാ രീതിയിലും ലംഘിക്കപ്പെടുകയാണ്. സാധാരണക്കാരായ പൗരന്മാരെ കടുത്ത കുറ്റവാളികളെ എന്നപോലെയാണ് കൈകാര്യം ചെയ്യുന്നത്. ഈ രാജ്യത്ത് ഏറെക്കാലമായി തുടരുന്ന ഒരു രീതിയാണിത്.
പകലിലോ വൈകുന്നേരങ്ങളിലോ ആളുകളെ കസ്റ്റഡിയിലെടുക്കുകയും, രാത്രി മുഴുവൻ തടങ്കലിൽ വെച്ച ശേഷം പിറ്റേന്ന് രാവിലെയോ വൈകുന്നേരമോ മാത്രം മോചിപ്പിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് നിലവിലെ പ്രക്ഷോഭം വ്യക്തമായി തുറന്നുകാട്ടിയിട്ടുണ്ട്. ഏത് അധികാരത്തിന്റെ പുറത്താണ് ഇത് ന്യായീകരിക്കപ്പെടുന്നത്?’ നേഹ ചോദിച്ചു.
‘ഏത് നിയമവും വ്യവസ്ഥയും അനുസരിച്ചാണ് തടവിലാക്കപ്പെട്ടവരെ രാത്രി മുഴുവൻ കസ്റ്റഡിയിൽ സൂക്ഷിക്കാൻ അനുവാദമുള്ളത്? നിയമപരമായി, പ്രത്യേകിച്ച് സ്ത്രീകളെ, സൂര്യാസ്തമയത്തിനു ശേഷം മോചിപ്പിക്കേണ്ടതാണ്, എന്നിട്ടും അതുണ്ടാകുന്നില്ല.കൂടാതെ, അരാജകത്വത്തിന്റെയും കുഴപ്പങ്ങളുടെയും പുതിയൊരു പ്രചാരണം ഇവിടെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഏതുതരം അരാജകത്വവും കുഴപ്പവുമാണ്? സെൻട്രൽ ഡൽഹിയിൽ നിങ്ങൾ അഴിച്ചുവിട്ടതാണോ?’
‘ഡൽഹിയിലെ ജനങ്ങൾക്ക് സമാധാനത്തോടെ ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിയുന്നില്ല, ജോലിക്ക് പോകാൻ ഏത് വഴിയെടുത്താലും അത് തടസ്സപ്പെട്ടതായി കാണുന്നു. നിങ്ങൾ രാജ്യത്തുടനീളം അരാജകത്വവും കുഴപ്പങ്ങളും പടർത്തുകയാണ്.ദയവായി ഇന്ത്യയിലെ ജനങ്ങളെ വെറുതെ വിടുക. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുകയും എസ്.ഐ.ആർ. (SIR) നിർത്തിവെക്കുകയും ചെയ്യുക. അതിലൂടെ ഈ രാജ്യത്തെ സാധാരണ പൗരന്മാർക്ക് സമാധാനത്തോടെ ശ്വസിക്കാനും ആശ്വാസത്തോടെയിരിക്കാനും അവരുടെ വോട്ടവകാശം ഉറപ്പാക്കാനും സാധിക്കട്ടെ.’
‘അവർ (പോലീസ്) എന്റെ പേരും മേൽവിലാസവും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ടു. വലിയൊരു സമയത്തേക്ക് എന്റെ അഭിഭാഷകനുമായി സംസാരിക്കാനോ ആലോചിക്കാനോ പോലും അവർ എന്നെ അനുവദിച്ചില്ല. ഞങ്ങളുടെ അഭിഭാഷകർ എന്നെ ബന്ധപ്പെടാൻ 56 മണിക്കൂർ ശ്രമിച്ചുകൊണ്ടിരുന്നു.
ഞങ്ങൾക്ക് അവരെ ഫോണിൽ വിളിക്കാൻ കഴിഞ്ഞതിനു ശേഷം മാത്രമാണ് എന്നെ കാണാൻ അവരെ ഒടുവിൽ അനുവദിച്ചത്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവർ ഏറെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്നത്.’ നേഹ ആരോപിച്ചു.
ഡൽഹി പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം നേഹ കരുതൽ തടങ്കലിൽ ആയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അവരെ രാവിലെ വിട്ടയച്ചതായാണ് പോലീസ് പറയുന്നത്. നേഹയ്ക്ക് പോലീസ് വൈദ്യസഹായം നിഷേധിക്കുന്നു എന്ന് ആരോപണം വന്നതിന് തൊട്ടുപിന്നാലെയാണ് നേഹയെ പോലീസ് വിട്ടയച്ചിരിക്കുന്നത്.സമാനമായി പോലീസിന്റെ കരുതൽ തടങ്കലിലുള്ള അഭിജീത് ദീപ്കെയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.





