Kozhikode
കോഴിക്കോട് മധ്യവയസ്കന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി, കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണതാവാമെന്ന് നാട്ടുകാര്‍

കോഴിക്കോട് : മധ്യവയസ്കന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ- കൂടരഞ്ഞി റോഡിന് സമീപത്തായുള്ള തോട്ടിലാണ് ഇന്ന് രാവിലെയോടെ നാട്ടുകാര്‍ മൃതദേഹം കണ്ടത്.
കാരശ്ശേരി മൂട്ടോളി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ അച്യുതന്(52) എന്നയാളുടെ മൃതദേഹമാണിതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തോട്ടിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്താണ് മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിലാണ് കണ്ടത്. ഈ ഭാഗത്ത് പാറക്കല്ലുകളും ഉണ്ട്. തോടിന് സമീപത്തായുള്ള കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണുപോയതാവാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. മുക്കം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.





