Thrissur

കേരളത്തിൽ എയിംസ് വരുമെന്ന് സുരേഷ് ഗോപി; സ്ഥലം നിർദ്ദേശിക്കാത്തത് തിരിച്ചടിയാണെന്ന് വിശദീകരണം

Please complete the required fields.




തൃശൂർ: കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിച്ചു വ്യക്തമാക്കി. എയിംസ് എപ്പോൾ വരുമെന്ന ചോദ്യത്തിന് മറുപടിയായി, അതിനായി ആദ്യം യോഗ്യമായ 5 സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് സംസ്ഥാനം നിർദേശിക്കേണ്ടതുണ്ടെന്നും എന്നാൽ കേരളത്തിൽ നിന്ന് അത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ഥലം നിർദേശിക്കാൻ എത്രത്തോളം വൈകുന്നുവോ, അത്രത്തോളം എയിംസ് യാഥാർത്ഥ്യമാകാനും താമസമെടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ വാക്കുകളോ സ്വപ്നങ്ങളോ തെറ്റിയിട്ടില്ലെന്നും, എയിംസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ വരാതെ താൻ അടുത്ത വോട്ട് ചോദിച്ച് വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2024ലെ തിരഞ്ഞെടുപ്പിൽ താൻ മത്സരിച്ചപ്പോൾ എയിംസ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും, ഒരു പ്രസംഗത്തിലും ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു.
അതേസമയം, എയിംസിന്റെ കാര്യത്തിൽ കേരളത്തിന് മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയിട്ടില്ലെന്നും, ആരോഗ്യരംഗത്ത് പിന്നിലുള്ള സംസ്ഥാനങ്ങൾക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്.

എന്നാൽ കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നത് എയിംസിന് അയോഗ്യതയാണോയെന്നും, ജനസാന്ദ്രത കൂടുതലുള്ള കേരളം ഇത് അർഹിക്കുന്നില്ലേയെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ ചോദ്യം ചെയ്തു. എല്ലാവർക്കും ചികിത്സയ്ക്കായി മുൻനിര ആശുപത്രികളെ സമീപിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാനം 200 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും, 2022 മുതൽ കേന്ദ്രസംഘത്തെ അയച്ച് സാധ്യതാപഠനം നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉണ്ടായ ശേഷമേ സാധ്യതാപഠനം നടത്താനാകൂ എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. വിഷയത്തിൽ ആറാഴ്ചക്കകം അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി അറിയിച്ചു.

Related Articles

Back to top button