
ബ്യൂണസ് ഐറിസ്: അർജന്റൈൻ ജഴ്സിയിൽ ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ വിടവാങ്ങൽ മത്സരം നാളെ. ആഫ്രിക്കൻ രാജ്യമായ ബെനിനാണ് മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. ബുധനാഴ്ച പുലർച്ചെ നാലരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. അർജന്റീനയ്ക്കും ലോക ഫുട്ബോൾ ചരിത്രത്തിനും ഒരുപോലെ വൈകാരിക നിമിഷമാണിത്.
ബ്യൂണസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ മെസി അവസാനമായി നീലയും വെള്ളയും ജഴ്സി അണിഞ്ഞ് ബൂട്ടുകെട്ടിയിറങ്ങുകയാണ്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ 21 വർഷം നീണ്ട ഫുട്ബോൾ പ്രണയകഥയിലെ അവസാന അധ്യായത്തിനാണ് നാളെ കർട്ടൻ വീഴുന്നത്.
2005-ൽ അർജന്റൈൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച മെസി, ബെനിനെതിരെയുള്ള മത്സരത്തിലൂടെ തന്റെ കരിയറിലെ 208-ാം മത്സരത്തിനാണ് ഇറങ്ങുന്നത്. അർജന്റൈൻ ജഴ്സിയിൽ തന്റെ ഇടങ്കാൽ വിസ്മയത്തിലൂടെ മെസി ഇതുവരെ നേടിയിട്ടുള്ളത് 125 ഗോളുകളാണ്. ഒപ്പം 68 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഫൈനലിസിമയും, ഒടുവിൽ എല്ലാ വിമർശനങ്ങളെയും സംശയങ്ങളെയും അടിപടലം ഉടച്ചെറിഞ്ഞ ചരിത്രപ്രസിദ്ധമായ ലോകകപ്പ് വിജയവും മെസി അർജന്റീനയ്ക്ക് സമ്മാനിച്ചു. മോണുമെന്റൽ സ്റ്റേഡിയത്തിൽ മെസി അർജന്റൈൻ ജഴ്സിയിൽ കളത്തിലിറങ്ങുന്നത് 208-ാം തവണയാണ്. ഈ സ്റ്റേഡിയത്തിൽ കളിച്ച ഒരു കളിയിലും അർജന്റീന തോറ്റിട്ടില്ല എന്നത് പ്രത്യേകതയാണ് (22 ജയം, 6 സമനില).
ഇവിടെ ബൊളീവിയക്കെതിരെയുള്ള ഹാട്രിക് ഉൾപ്പെടെ മെസിയുടെ മാജിക്കൽ കാലുകളിൽ നിന്ന് പിറന്നത് 19 ഗോളുകളാണ്. ലോകകപ്പ് യോഗ്യതയുടെ പടിവാതിൽക്കൽ പോലും എത്താത്ത ആഫ്രിക്കൻ ടീമായ ബെനിന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപൂർവ്വ അവസരമാണിത്.





