ഡീസൽ വിലയെ മറികടന്ന് സി.എൻ.ജി; ആശ്വാസം തേടി സി.എൻ.ജിയിലേക്ക് മാറിയ വാഹന ഉടമകൾക്ക് വീണ്ടും തിരിച്ചടി

കൊച്ചി: പെട്രോൾ, ഡീസൽ വില വർധനയിൽ നിന്ന് ആശ്വാസം തേടി സി.എൻ.ജിയിലേക്ക് മാറിയ വാഹന ഉടമകൾക്ക് തിരിച്ചടി. സി.എൻ.ജി വില അതിവേഗം ഉയർന്ന് ഡീസൽ വിലയേക്കാൾ മുകളിലെത്തി. കൊച്ചിയിൽ വ്യാഴാഴ്ച ഒരു ലിറ്റർ ഡീസലിന് 102.45 രൂപയായിരുന്നപ്പോൾ ഒരു കിലോ സി.എൻ.ജിക്ക് 102.50 രൂപയാണ് വില.
പെട്രോൾ ലിറ്ററിന് 113.53 രൂപയുമാണ്. ഇതോടെ ഡീസലിനെക്കാൾ വില കൂടിയ നിലയിലാണ് സി.എൻ.ജി. ഡീസൽ വില തുടർച്ചയായി ഉയർന്ന സാഹചര്യത്തിലാണ് നിരവധി വാഹന ഉടമകൾ സി.എൻ.ജിയിലേക്ക് മാറിയത്. ഇന്ധനച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പലരും സി.എൻ.ജി വാഹനങ്ങളെ ആശ്രയിച്ചത്.എന്നാൽ, പ്രതീക്ഷിക്കാത്ത രീതിയിലുള്ള സി.എൻ.ജി വിലവർധന ഇവർക്കും അധിക സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അസംസ്കൃത എണ്ണയുടെ വില വർധിച്ചതാണ് സി.എൻ.ജി വില ഉയരാൻ കാരണമായി പറയുന്നത്. എട്ട് വർഷം മുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനവിലയിലെ മാറ്റം വ്യക്തമാണ്.
അന്ന് ഡീസൽ ലിറ്ററിന് 71 രൂപയായിരുന്നപ്പോൾ ഒരു കിലോ സി.എൻ.ജിക്ക് 46.50 രൂപ നൽകിയാൽ മതിയായിരുന്നു. അതായത് ഡീസലിനേക്കാൾ 24.50 രൂപ കുറവായിരുന്നു സി.എൻ.ജിക്ക്. വിലയിലെ ഈ വലിയ വ്യത്യാസമാണ് നിരവധി പേരെ പിന്നീട് സി.എൻ.ജി ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് ആകർഷിച്ചത്.എന്നാൽ ഇപ്പോഴത്തെ വിലനിലവാരത്തിൽ സി.എൻ.ജിയിലേക്ക് മാറിയ വാഹന ഉടമകൾക്ക് പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. പുതിയ സാഹചര്യത്തിൽ ഇവർക്ക് നഷ്ടം സഹിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, വിവിധ ജില്ലകളിൽ സി.എൻ.ജി വിലയിൽ വ്യത്യാസമുണ്ട്. ജില്ലകൾക്കനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുന്ന സാഹചര്യത്തിലാണ് കൊച്ചിയിലെ വില ഡീസലിനെ മറികടന്നിരിക്കുന്നത്.





