റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത…! ഒക്ടോബറിൽ സബ്‌സിഡി നിരക്കിൽ സ്പെഷൽ അരിയുമായി റേഷൻ കടകൾ

തിരുവനന്തപുരം: ഒക്ടോബറിൽ പിങ്ക്, നീല, വെള്ള, ബ്രൗൺ റേഷൻ കാർഡ് ഉടമകൾക്ക് നിലവിലുള്ള റേഷൻ വിഹിതത്തിനു പുറമേ കിലോഗ്രാമിന് 26 രൂപയ്ക്ക് സ്പെഷൽ അരി നൽകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. പിങ്ക് കാർഡുകൾക്ക് പരമാവധി 3 കിലോഗ്രാം, നീലയും വെള്ളയും ബ്രൗണും കാർഡുകൾക്ക് പരമാവധി 10 കിലോഗ്രാം വീതം എന്നിങ്ങനെയാണ് നൽകുക എന്നാണ് അറിയിപ്പിൽ പറയുന്നത്.
ഓണക്കാലത്ത് നൽകിയ സ്പെഷൽ അരിയുടെ ബാക്കി സ്റ്റോക്കാണിത് എന്നും വകുപ്പ് വ്യക്തമാക്കി.അതേസമയം, സ്റ്റോക്കില്ലാത്ത കടകളിലും അരി ചോദിച്ച് എത്തുന്നത് വാക്കേറ്റത്തിന് കാരണമാകുന്നതായി റേഷൻ വ്യാപാരികൾ പറയുന്നു എന്നാണ് വിവരം. സ്റ്റോക്കില്ലെന്ന് പറയുന്നതായി കാർഡുടമകളുടെ വ്യാപക പരാതിയുമുണ്ട്.വകുപ്പിന്റെ സമൂഹമാധ്യമ പേജിലൂടെ പരാതി അറിയിച്ചവരോട് ഓരോ താലൂക്കിലും വിതരണം ചെയ്ത സ്പെഷൽ അരിയുടെ കണക്ക് പറഞ്ഞ് അധികൃതർ മറുപടി നൽകുന്നു എന്നാണ് റിപ്പോർട്ട്.ഈ മാസം വെള്ള കാർഡിന് സാധാരണ റേഷൻ വിഹിതമായി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ 4 കിലോഗ്രാം അരി ലഭിക്കും.
സ്പെഷൽ വിഹിതമായി വെള്ള, നീല കാർഡുകൾക്ക് 2 കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപയ്ക്ക് നൽകും. അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് 4 കിലോഗ്രാം വരെ ആട്ട നീല, വെള്ള, ബ്രൗൺ കാർഡുടമകൾക്ക് കിലോഗ്രാമിന് 17 രൂപ നിരക്കിൽ ലഭിക്കും എന്നും അറിയിപ്പിൽ പറയുന്നു.സ്പെഷൽ അരിയുടെ ലഭ്യത താലൂക്ക് അടിസ്ഥാനത്തിലുള്ള സ്റ്റോക്കിന് അനുസരിച്ചായിരിക്കുമെന്നും കാർഡുടമകൾ റേഷൻ കടകളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.





