Thiruvananthapuram

ബസ് ടിക്കറ്റും ഫോണും നൽകി; നാഗർകോവിൽ എംഡിഎംഎ വേട്ടയിലെ മുഖ്യസൂത്രധാരൻ ഒടുവിൽ പൊലീസിന്റെ വലയിൽ

Please complete the required fields.




തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസ് ഭാഗത്തുനിന്ന് വൻതുക വിലമതിക്കുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവത്തിലെ മുഖ്യസൂത്രധാരൻ ഒടുവിൽ പൊലീസ് പിടിയിലായി. ആനയറ സ്വദേശി വിജയകുമാർ (41) ആണ് വിഴിഞ്ഞം പൊലീസിന്‍റെ വലയിലായത്.

ഈ കേസിലെ ഒന്നാം പ്രതിയായ മുജീബ് റഹ്മാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കൽനിന്നു ലഭിച്ച മൊബൈൽ ഫോൺ രേഖകൾ വിശദമായി പരിശോധിച്ചതിലൂടെയാണ് വിജയകുമാറിലേക്കുള്ള വഴി തുറന്നത്. ബെംഗളൂരുവിൽനിന്നു ട്രെയിൻ മാർഗം നാഗർകോവിലിലെത്തിച്ച 49 ഗ്രാം എംഡിഎംഎ, കൂട്ടാളിയായ സഹദിനൊപ്പം സ്കൂട്ടറിൽ കടത്തുന്നതിനിടെ രണ്ടാഴ്ച മുമ്പ് പയറുംമൂട്ടുവെച്ചാണ് ഡാൻസാഫ് സംഘം ഇവരെ പിടികൂടിയത്.

പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മയക്കുമരുന്ന് വാങ്ങുന്നതിനായി വിജയകുമാർ നേരിട്ടാണ് മുജീബ് റഹ്മാന് ബസ് ടിക്കറ്റ് ബുക്ക് ചെയ്തു നൽകിയത്. മാത്രമല്ല, ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന ദിവസം വൈകുന്നേരം ആനയറയിൽവെച്ച് വിജയകുമാർ തന്‍റെ സ്വന്തം മൊബൈൽ ഫോൺ മുജീബിന് കൈമാറുകയും ചെയ്തു.
കൂടാതെ, കഴിഞ്ഞ പന്ത്രണ്ടാം തീയതി ബെംഗളൂരുവിലെത്തിയ മുജീബിന് 23,000 ത്തോളം രൂപ വിജയകുമാർ അയച്ചു നൽകിയതായും പൊലീസ് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ, കഴിഞ്ഞ ദിവസം രാത്രി ആനയറ ഭാഗത്തുനിന്നും വിജയകുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു.

ഇയാളും മറ്റ് ലഹരി മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും, കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും വിശദമായി അന്വേഷിച്ചുവരികയാണെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

Related Articles

Back to top button