ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ ഒത്തുചേരൽ; കൊച്ചിയിൽ ഒക്ടോബർ 4-ന് ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും

കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും ഒക്ടോബർ 4-ന് കൊച്ചി ലിസി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഹൃദയ സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ചടങ്ങിന്റെ ഭാഗമായി ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡും അദ്ദേഹം വിജയികൾക്ക് സമ്മാനിക്കും. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹനിർഭരമായ ഒത്തുചേരലാണ് ഹൃദയ സംഗമം വേദിയിൽ നടക്കുന്നത്.
ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ചടങ്ങിൽ അധ്യക്ഷത വഹിക്കും. ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ലിസി ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. റോണി മാത്യു കടവിൽ, ഹാർട്ട് കെയർ ഫൗണ്ടേഷൻ സെക്രട്ടറി രാജു കണ്ണമ്പുഴ, ഫൗണ്ടേഷൻ ട്രസ്റ്റീ ഡോ. ജേക്കബ് എബ്രഹാം, ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടന്റ് ഡോ. ജോ ജോസഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിക്കും.
സംഗമത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കും പങ്കെടുക്കുന്നവർക്കുമായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും വിദഗ്ദ്ധരായ ഡോക്ടർമാരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണിക്ക് നടക്കുന്ന ബോധവൽക്കരണ ക്ലാസിന് ഡോ. ജോ ജോസഫ് നേതൃത്വം നൽകും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന മെഡിക്കൽ പാനൽ ചർച്ചയിൽ ഡോ. ഭാസ്കർ രംഗനാഥൻ, ഡോ. ജീവേഷ് ജോൺ തോമസ്, ഡോ. മുരുകൻ പി., ഡോ. ജോ ജോസഫ്, ഫെൽവിൻ മാത്യു, ഡോ. നിഷ വിക്രമനൻ എന്നിവർ പങ്കെടുക്കുകയും സംബന്ധിക്കുന്നവരുടെ ആരോഗ്യ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.





