
തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തിലും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി. യൂണിറ്റിന് 3 പൈസ വീതമാണ് സര് ചാര്‍ജ് ഈടാക്കുക. ഓഗസ്റ്റ് മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതില്‍ ചെലവായ അധിക തുകയാണ് സര്‍ചാര്‍ജായി പിരിക്കുക.
സെപ്റ്റംബര്‍ മാസത്തിലും കെഎസ്ഇബി സര്ചാര്ജ്ഈടാക്കിയിരുന്നു. പ്രതിമാസ, ദ്വൈമാസ ബില്ലുകാര്‍ക്ക് ഒരേ നിരക്കില്‍ തന്നെയായിരിക്കും സര്‍ചാര്‍ജ് ഈടാക്കുക. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം വൈദ്യുതി പുറത്തുനിന്ന് എത്തിച്ചതില്‍ 6.88 കോടി രൂപയുടെ അധിക ബാധ്യത കെഎസ്ഇബിക്കുണ്ടായെന്നാണ് വാദം. സെപ്റ്റംബര്‍ മാസത്തില്‍ പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് രണ്ട് പൈസയും സര്‍ചാര്‍ജ് ഈടാക്കിയിരുന്നു. എന്നാല്‍ ഒക്ടോബറില്‍ ഇതേ ഒരേ പോലെ ഈടാക്കാനായി കെഎസ്ഇബി തീരുമാനമെടുക്കുകയായിരുന്നു.
ഒക്ടോബര്‍ മാസത്തെ ബില്ലിലാണ് ഈ സര്‍ചാര്‍ജ് ഉള്‍പ്പെടുത്തുക. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പ്രകാരം, ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം വൈദ്യുതി വാങ്ങുന്നതിലുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡുകള്‍ക്ക് അധികാരമുണ്ട്. ഇതനുസരിച്ചാണ് കെഎസ്ഇബി ഇപ്പോള്‍ വീണ്ടും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.





