Thiruvananthapuram

വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ല; ആണവോർജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കർണാടക മന്ത്രിയുമായി സംസാരിച്ചെങ്കിലും, അവിടെ നിന്നും അധിക വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർധിച്ചുവെന്നത് യാഥാർഥ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആണവോർജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുമ്പോൾ, വിഷയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ട്.

എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. വൈദ്യുതി ഉത്പാദനം ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന വാർത്തകൾ മാത്രമാണ് ശ്രദ്ധയിൽപ്പെട്ടതെന്നും, കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

മലപ്പുറത്തേക്ക് പോകേണ്ട അടിയന്തര സാഹചര്യമുണ്ടായിരുന്നുവെന്നും, നേരത്തെ ഉണ്ടായിരുന്ന ഹെലികോപ്റ്റർ കരാർ അവസാനിച്ച കാര്യം എല്ലാവർക്കും അറിയാമല്ലോയെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയത്തിൽ താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button