Thiruvananthapuram
അഞ്ചുതെങ്ങിലെ ഐസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങിലെ ഐസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു. കൊല്ലം മീനാട് സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.
ഇക്കഴിഞ്ഞ ഒമ്പതാം തീയതി ജോലിക്കിടെ ഷറഫുദ്ദീന് കടുത്ത ശർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയായിരുന്നു. പ്ലാന്റിൽ ചോർന്ന വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷറഫുദ്ദീന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറി.





