
പശ്ചിമ ബംഗാളിലെ കലിംപോഗിൽ മധുവിധു ആഘോഷത്തിനിടയിൽ ബാർബിക്യൂവിൽ നിന്ന് തീ പടർന്ന് നവവധുവിന് പൊള്ളലേറ്റു. പാചകം ചെയ്യുന്നതിനായി എണ്ണയ്ക്ക് പകരം കാളിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ചതാണ് പെട്ടെന്ന് തീ പടരാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ ഉത്തർ ദിനജ്പൂർ ജില്ലയിൽ നിന്നുള്ള ഇവർ രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷം ജീവിതം ഒരുമിച്ച് തുടങ്ങാനിരിക്കെയാണ് ഈ അപ്രതീക്ഷിത ദുരന്തം തേടിയെത്തിയത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ നിഖിത സാഹ നിലവിൽ സിലിഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭർത്താവ് സാമിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഹോംസ്റ്റേയിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കാനിലുണ്ടായിരുന്ന ദ്രാവകം ബാർബിക്യൂവിലേക്ക് ഒഴിക്കുന്നതും നിമിഷനേരംകൊണ്ട് തീ ആളിപ്പടരുന്നതും വ്യക്തമായി കാണാം.ഹോംസ്റ്റേ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരമെന്ന് ഭർത്താവ് സാം ആരോപിച്ചു. എന്നാൽ ജീവനക്കാരന്റെ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് ഹോംസ്റ്റേ ഉടമ അയാനും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സ്ഥാപനം വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അപകടത്തിന് ശേഷം ഹോംസ്റ്റേ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും കുടുംബം പരാതിപ്പെട്ടു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങളും അപകടത്തിന് കാരണമായ ദ്രാവകം അടങ്ങിയ കാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.





