Wayanad

ഒളിത്താവളങ്ങൾ മാറ്റിപ്പറന്നിട്ടും രക്ഷയില്ല! തിരുനെല്ലി കവർച്ചക്കേസ്: അന്തർസംസ്ഥാന മാലപറിക്കൽ സംഘത്തിലെ മൂന്ന് സ്ത്രീകൾ പിടിയിൽ

Please complete the required fields.




മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലിക്കെത്തിയ തീർത്ഥാടകയുടെ സ്വർണമാല കവർന്ന സംഭവത്തിൽ അന്തർസംസ്ഥാന കവർച്ചാസംഘത്തിലെ മൂന്ന് സ്ത്രീകളെക്കൂടി വയനാട് പോലീസ് പിടികൂടി.

തമിഴ്‌നാട് സേലം സ്വദേശികളായ വള്ളിയമ്മാൾ (ബിന്ദു-47), ദേവി (തിലോത്തമ-53), മധുര സ്വദേശിനി പൊന്നി (39) എന്നിവരാണ് കർണാടകയിലെ മൽപേ ബീച്ചിൽനിന്ന് വലയിലായത്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹറിന്റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.

ഓഗസ്റ്റ് 12-ന് തിരുനെല്ലി ക്ഷേത്രത്തിലെ അന്നദാനമണ്ഡപത്തിൽവെച്ചാണ് സ്ത്രീയുടെ ഒന്നേമുക്കാൽ പവന്റെ മാല സംഘം കവർന്നത്. പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചെന്നൈയിൽ അന്വേഷണത്തിനെത്തിയപ്പോഴാണ് സംഘം വിനായകചതുർഥി ഉത്സവത്തിന്റെ ഭാഗമായി മംഗലാപുരത്തേക്ക് നീങ്ങിയതായി പോലീസിന് വിവരം ലഭിച്ചത്.

തുടർന്ന് ഉഡുപ്പി കേന്ദ്രീകരിച്ച് വേഷംമാറി നടത്തിയ പരിശോധനയിലാണ് മൽപേ ബീച്ചിന് സമീപത്തുനിന്ന് ഇവർ പിടിയിലായത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വലിയൊരു കവർച്ചാ ശൃംഖലയിലെ കണ്ണികളാണ് ഇവർ. തിരക്കുള്ള ഉത്സവപ്പറമ്പുകളിലും ബസുകളിലും പുരുഷന്മാർ പോക്കറ്റടിച്ചും, സ്ത്രീകൾ ആഭരണങ്ങൾ പൊട്ടിച്ചെടുത്തുമാണ് തട്ടിപ്പ് നടത്തുന്നത്.

Related Articles

Back to top button