കടുത്ത ചൂടും മഴയും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ന്യൂനമർദ്ദ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിനിടയിലും വീണ്ടും മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റു ജില്ലകളിൽ നിലവിൽ പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ല.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. അതേസമയം, മഴ മുന്നറിയിപ്പിനൊപ്പം തന്നെ സംസ്ഥാനത്ത് പലയിടത്തും അതികഠിനമായ ചൂടും അനുഭവപ്പെടുന്നുണ്ട്.
ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സൂര്യതാപം, നിർജലീകരണം, സൂര്യഘാതം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.





