Kottayam
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസ്; എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പുഞ്ചവയൽ ഇലവുങ്കൽ വീട് അരുൺ കുമാർ (46) ആണ് അറസ്റ്റിലായത്.
കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ് അരുൺ കുമാർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ മുണ്ടക്കയം പൊലീസ് സ്വീകരിച്ചുവരികയാണ്.
അതേസമയം, സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് അരുൺ കുമാർ നിലവിൽ സസ്പെൻഷനിലാണെന്ന് അധികൃതർ അറിയിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ടും മുണ്ടക്കയം പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.





